അതിഥി തൊഴിലാളികളുടെ ക്വാര്‍ട്ടേഴ്സുകളില്‍ പതിവായി മോഷണം; മൂന്നംഗസംഘം പിടിയില്‍
കോഴിക്കോട്: അതിഥി തൊഴിലാളികളുടെ താമസസ്ഥലത്ത് അതിക്രമിച്ച് കയറി പണവും മൊബൈല്‍ ഫോണുകളും മോഷ്ടിക്കുന്നത് പതിവാക്കിയ മൂന്നംഗസംഘം പോലീസിന്റെ പിടിയില്‍. കുറ്റിക്കാട്ടൂര്‍ വെള്ളിപറമ്പ് ചേലിക്കര വീട്ടില്‍ മുഹമ്മദ് ജിംനാസ്, ചേലേമ്പ്ര ചേലൂപാടം മരക്കാംകാരപറമ്പ് രജീഷ്, മൂടാടി മുചുകുന്ന് പുളിയഞ്ചേരി കിഴക്കെവാര്യം വീട്ടില്‍ ഷാനിദ് എന്നിവരെയാണ് മെഡിക്കല്‍ കോളേജ് അസി.കമ്മീഷണര്‍ കെ. സുദര്‍ശന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ നിന്ന് സാധനങ്ങള്‍ മോഷണം പോകുന്നത് പതിവായ സാഹചര്യത്തില്‍ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ അമോസ് മാമന്റെ നിര്‍ദേശപ്രകാരം സ്പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് രഹസ്യ അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെ മെഡിക്കല്‍ കോളേജിന് സമീപം ഒരു താമസസ്ഥലത്ത് നിന്നും മോഷ്ടിച്ച എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് ഒരാള്‍ പണം പിന്‍വലിച്ചത് സിസിടിവി ക്യാമറയില്‍ പതിഞ്ഞു. എന്നാല്‍ പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ഓട്ടോ ഡ്രൈവറുടെ വേഷത്തിലാണ് മോഷ്ടാവ് എ.ടി.എം കൗണ്ടറില്‍ എത്തിയത്. ഇതുംസബന്ധിച്ച് അന്വേഷണം നടക്കുന്നതിനിടെ മെഡിക്കല്‍ കോളേജ് പരിസരത്തെ അതിഥി തൊഴിലാളികളുടെ ക്വാര്‍ട്ടേഴ്സില്‍ മോഷ്ടിക്കാന്‍ കയറിയ ജിംനാസിനെ തൊഴിലാളികള്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ഇയാളെ ചോദ്യംചെയ്തതില്‍നിന്നാണ് മറ്റു പ്രതികളെ പാളയത്തെ ലോഡ്ജില്‍നിന്ന് പിടികൂടിയത്.
ലഹരിക്ക് അടിമകളായ പ്രതികള്‍ നിരവധി വാഹനമോഷണ കേസുകളില്‍പ്പെട്ടവരാണെന്നും ഒരു മാസം മുമ്പാണ് ജയില്‍ മോചിതരായതെന്നും പോലീസ് അറിയിച്ചു. ഇവരെ ചോദ്യംചെയ്തതില്‍നിന്ന് മറ്റു പല മോഷണ കേസുകള്‍ക്കും തുമ്പുണ്ടായതായും ഇവര്‍ക്കെതിരെ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും അസി.കമ്മീഷണര്‍ കെ.സുദര്ശന് പറഞ്ഞു.
മെഡിക്കല്‍കോളേജ് ഇന്‍സ്പെക്ടര്‍ ബെന്നിലാലു, സ്പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് സബ്ബ് ഇന്‍സ്പെക്ടര്‍ ഒ. മോഹന്‍ദാസ്,ഹാദില്‍ കുന്നുമ്മല്‍, ശ്രീജിത്ത് പടിയാത്ത്, ഷഹീര്‍ പെരുമണ്ണ, സുമേഷ് ആറോളി, മെഡിക്കല്‍ കോളേജ് സബ്ബ് ഇന്‍സ്പെക്ടര്‍മാരായ അബ്ദുള്‍ റസാഖ്, ഹരികൃഷ്ണന്, സാംസണ്, സൈനുദീന്‍, എ.എസ്.ഐ ശിവദാസന്‍, സി.പി.ഒ സന്ദീപ് എന്നിവരായിരുന്നു അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.