തിരുവനന്തപുരത്ത് കാറില്‍ കടത്തിയത് 125 കിലോ കഞ്ചാവ്, കൊലക്കേസ് പ്രതിയടക്കം മൂന്നുപേര്‍
പിടിയില്‍
തിരുവനന്തപുരം: കാറില്‍ കടത്തുകയായിരുന്ന 125 കിലോയോളം കഞ്ചാവ് തിരുവനന്തപുരത്ത് പിടികൂടി. കൊലക്കേസ് പ്രതിയടക്കം മൂന്നുപേരെ അറസ്റ്റ് ചെയ്തു. ആന്ധ്രയില്‍ നിന്ന് കഞ്ചാവ് വാങ്ങി വരുന്നവഴി കഴക്കൂട്ടത്തുവെച്ചാണ് സംഘത്തെ പോലീസിന്റെ സിറ്റി ഷാഡോ ടീം പിടികൂടിയത്. രണ്ടു കാറുകളും പോലീസ് കസ്റ്റഡിയിലെടുത്തു. ആന്ധ്രാ രജിസ്ട്രേഷന് നമ്പറിലുള്ള നാല് വ്യാജ നമ്പര്‍ പ്ലേറ്റുകളും കാറില്‍നിന്ന് കണ്ടെത്തി. കാറിന്റെ ഡിക്കിയിലാണ് രണ്ടു കിലോ വീതമുള്ള പാക്കറ്റുകളിലായി കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.
മലയിന്‍കീഴ് സ്വദേശി സജീവ് (26), ചെങ്കല്‍ചൂള സ്വദേശി സുബാഷ് (34), ബാലരാമപുരം കാവുവിള സ്വദേശി ഉണ്ണികൃഷ്ണന് (33) എന്നിവരാണ് പിടിയിലായത്. കരമന കിള്ളിപ്പാലത്തെ ഫ്ളാറ്റില്‍ കയറി കൊലപാതകം നടത്തിയ കേസിലെ നാലാം പ്രതിയാണ് സജീവ്. കഞ്ചാവ് കടത്തിന് ഉണ്ണികൃഷ്ണനെതിരേ ആന്ധ്രയിലും കേസുണ്ട്.
നാര്‍ക്കോട്ടിക് സെല്‍ എ.സി.പി ഷീന്‍ തറയിലിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്. തമിഴ്നാട്ടിലെ മധുര മുതല്‍ ഇവരെ ഷാഡോ സംഘം നിരീക്ഷിച്ചുവരികയായിരുന്നു. ഉച്ചയ്ക്ക് ഒന്നരയോടെ കഴക്കൂട്ടം പോലീസ് സ്റ്റേഷനു മുന്നില്‍വെച്ച് വാഹനം തടഞ്ഞാണ് ഇവരെ പിടികൂടിയത്. സ്പെഷ്യല്‍ തഹസില്‍ദാര്‍ ലൗലി കുരുവിള സ്ഥലത്തെത്തി പിടിച്ചെടുത്ത കഞ്ചാവ് പരിശോധിച്ചു. കഴക്കൂട്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.