ബാങ്കിങ് വികസനം; ജില്ലയില്‍ സമ്പൂര്‍ണ ഡിജിറ്റല്‍വത്കരണത്തിന് തുടക്കമായി
കാസർകോട് : ബാങ്കിങ് വികസനം സംബന്ധിച്ച ജില്ലാതല റിവ്യൂ കമ്മറ്റി 2021-22 വര്‍ഷത്തെ നാലാംപാദ യോഗം ചേര്‍ന്നു. ചടങ്ങില്‍ ഡെപ്യൂട്ടി കളക്ടര്‍ സിറോഷ് പി. ജോണ്‍ അധ്യക്ഷനായി. കനറാ ബാങ്ക് കാസര്‍കോട് റിജിണല്‍ മാനേജര്‍ ശശിധര്‍ ആചാര്യ സംസാരിച്ചു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എ.ജി.എം പ്രദീപ് മാധവ് കഴിഞ്ഞ യോഗ തീരുമാനങ്ങള്‍ സംബന്ധിച്ച അവലോകനം നടത്തി. നബാര്‍ഡ് ഡി.ഡി.എം കെ.ബി ദിവ്യ പ്രാഥമിക മേഖലയിലെ നേട്ടങ്ങള്‍ അവലോകനം ചെയ്തു. ലീഡ് ജില്ലാ മാനേജര്‍ എന്‍.വി ബിമല്‍ സ്വാഗതവും ലീഡ് ബാങ്ക് സീനിയര്‍ മാനേജര്‍ പി. പ്രഭാകരന് നന്ദിയും പറഞ്ഞു.
പരിപാടിയില്‍ ബാങ്കിങ് ഡിജിറ്റലൈസേഷന്റെ ജില്ലാതല ഉദ്ഘാടനം നടന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എ.ജി.എം പ്രദീപ് മാധവ് ഡിജിറ്റലൈസേഷന് സര്‍ട്ടിഫിക്കേറ്റ് ഡെപ്യൂട്ടി കളക്ടര്‍ (ആര്.ആര്) സിറോഷ്് പിജോണിന് നല്കി ജില്ലാതല ഉദ്ഘാടനം നടന്നു. ഡിജിറ്റലൈസേഷന്റെ ആവശ്യകത കാണിക്കുന്ന വീഡിയോ പ്രദര്‍ശിപ്പിച്ചു.
ആഗസ്ത് 15ന് സംസ്ഥാന വ്യാപകമായി 100 ശതമാനം ഡിജിറ്റല്‍ പ്രഖ്യാപനം നടത്തുന്നതിന്റെ ഭാഗമായി ജില്ലയില്‍ ഏപ്രില്‍ മുതല്‍ ബോധവത്ക്കണ പരിപാടികള്‍ നടന്നു വരികയാണ്. വ്യക്തിഗത ഇടപാടുകാര്‍ക്കിടയില്‍ ഡെബിറ്റ് കാര്‍ഡ്, മൊബൈല്‍ ബാങ്കിങ്, ഇന്റര്‍നെറ്റ് ബാങ്കിങ്, യു.പി.ഐ സേവനങ്ങളും സംരംഭകര്‍ക്കും വ്യവസായികള്‍ക്കുമിടയില്‍ നെറ്റ് ബാങ്കിങ്, ക്യു ആര് കോഡ്, പി.ഒ.എസ് മിഷിന് തുടങ്ങിയ സേവനങ്ങളും പ്രചരിപ്പിച്ച് ബാങ്കിങ് ഇടപാടുകള്‍ നൂറ് ശതമാനം ഡിജിറ്റലൈസ് ചെയ്യുന്നതിനായുള്ള യജ്ഞമാണ് ജില്ലയില്‍ ലീഡ് ബാങ്കായ കനറാ ബാങ്കിന്റെ നേതൃത്വത്തില്‍ നടന്നു വരുന്നത്. ഓട്ടോ-ടാക്സി തൊഴിലാളികള്‍ക്കിടയിലും തെരുവ് കച്ചവടക്കാര്‍ക്കിടയിലും ജില്ലാ സാമ്പത്തിക സാക്ഷരതാ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
ഉപഭോക്താക്കള്‍ കുറഞ്ഞത് ഏതെങ്കിലും ഒരു ഡിജിറ്റല്‍ ഇടപാട് രീതിയെങ്കിലും അവലംബിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നതെന്നും എല്ലാ ഇടപാടുകാരും ഡിജിറ്റല്‍ ഇടപാട് രീതി പ്രോത്സാഹിപ്പിക്കണമെന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എ.ജി.എം പ്രദീപ് മാധവ് പറഞ്ഞു.