പ്രസവവേദനയെ തുടർന്ന് ആശുപത്രിയിലേയ്ക്ക് പുറപ്പെട്ട ആദിവാസി യുവതി ഓട്ടോറിക്ഷയിൽ പ്രസവിച്ചു
പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവതി ഓട്ടോറിക്ഷയിൽ പ്രസവിച്ചു. അടിയേക്കണ്ടിയൂർ ഊരിലെ കൃഷ്ണന്റെ ഭാര്യ ദീപയാണ് ഇന്നലെ രാത്രി ഓട്ടോറിക്ഷയിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. ദീപയുടെ പ്രസവ തീയതി ഈ മാസം 27നാണ് പറഞ്ഞിരുന്നതെങ്കിലും ഇന്നലെ രാത്രിയോടെ വേദന ആരംഭിച്ചു. തുടർന്ന് കൃഷ്ണൻ ദീപയുമായി ഓട്ടോറിക്ഷയിൽ അഗളിയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് പുറപ്പെട്ടു. എന്നാൽ ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് തന്നെ ഗൂളിക്കടവിൽ വച്ച് ദീപ പെൺകുഞ്ഞിന് ജന്മം നൽകുകയായിരുന്നു. ദീപയെയും കുഞ്ഞിനെയും പിന്നീട് ആശുപത്രിയിലെത്തിച്ചു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു.
രണ്ട് ദിവസം മുമ്പ് അട്ടപ്പാടിയിൽ അഞ്ച് മാസം പ്രായമുള്ള ഗർഭസ്ഥ ശിശു മരിച്ചിരുന്നു. ഒസത്തിയൂരിലെ പവിത്ര, വിഷ്ണു ദമ്പതികളുടെ പെൺകുഞ്ഞാണ് മരണപ്പെട്ടത്. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു മരണം. ഫ്ലൂയിഡ് കുറഞ്ഞതിനെ തുടർന്ന് ഒരാഴ്ച മുമ്പാണ് പവിത്രയെ അട്ടപ്പാടി കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.