വീട്ടമ്മയുടെ മാല പിടിച്ചുപറിച്ച യുവ സൈനികന് കുരിശായത് പൊന്നിൻ കുരിശ്, കുടുങ്ങിയത് യുവാക്കളുടെ ബുദ്ധിയിൽ
ഇരിട്ടി: കാറിലെത്തി വഴിചോദിച്ച ശേഷം അദ്ധ്യാപികയുടെ സ്വർണ്ണമാല പിടിച്ചുപറിച്ച് കടന്നുകളഞ്ഞ സംഭവത്തിൽ യുവസൈനികനെ ഇരിട്ടി പൊലീസ് അറസ്റ്റ് ചെയ്തു. ഉളിക്കൽ കേയാപറമ്പിലെ സെബാസ്റ്റ്യൻ ഷാജി (27) ആണ് അറസ്റ്റിലായത്. വള്ളിത്തോട്ടിലെ റിട്ട. അദ്ധ്യാപിക ഫിലോമിനാ സെബാസ്റ്റ്യന്റെ മാല പിടിച്ചുപറിച്ച് കടന്നുകളഞ്ഞുവെന്നാണ് പരാതി.
ചൊവ്വാഴ്ച ഉച്ചയോടെ വള്ളിത്തോട്ടിലെ ആളൊഴിഞ്ഞ വഴിയായ കല്ലന്തോട് 32ാം മൈലിൽ റോഡിലെ ഫിലോമിനയുടെ വീട്ടിന് മുന്നിൽ വച്ചായിരുന്നു സംഭവം. റോഡിലുണ്ടായിരുന്ന ഫിലോമിനയോട് കാറിൽ എത്തിയ സെബാസ്റ്റ്യൻ ഷാജി ഒരു മേൽവിലാസം ചോദിച്ചു. ഇരുവരും സംസാരിച്ചതിനുശേഷം ഷാജി തിരിച്ചു പോകുന്നതിനിടെ ഫിലോമിനയുടെ കഴുത്തിലെ മാല പിടിച്ചുവെന്നാണ് പരാതി.
അഞ്ച് പവനോളം വരുന്ന സ്വർണ്ണ മാലയിലെ കുരിശ് താലി മാത്രമേ മോഷ്ടാവിന് ലഭിച്ചിട്ടുള്ളൂ. ഫിലോമിന ബഹളം വച്ചതോടെ ഓടിക്കൂടിയ നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചു. സംഭവം നടക്കുന്നതിന് തൊട്ട് മുൻപേ ഇയാൾ സമീപത്തുള്ള ഒരു വീട്ടിൽ എത്തിയതായി അറിഞ്ഞു. പരിചയമില്ലാത്ത കാർ കണ്ട് സംശയം തോന്നിയ യുവാക്കൾ ഈ കാറിന്റെ നമ്പർ ശ്രദ്ധിച്ചിരുന്നു. ഇതുപ്രകാരം ഇരിട്ടി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ശ്രീകണ്ഠപുരത്ത് വച്ച് കാറുമായി ഷാജി പിടിയിലാകുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പയ്യാവൂരിൽ വച്ച് ഒരു വീട്ടിൽ കയറി ഒരു വൃദ്ധയുടെ മാല മോഷ്ടിച്ചതും താനാണെന്ന് ഇയാൾ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
ഇരിട്ടി പയഞ്ചേരിയിൽ നിന്നും വാടകക്കെടുത്ത കാറിലാണ് ഇയാൾ എത്തിയത്. മൂന്ന് ദിവസമായി മാടത്തിലെ ഒരു ലോഡ്ജിൽ യുവതിയുമായി ഇയാൾ കഴിഞ്ഞു വരികയാണെന്നും പൊലീസ് പറഞ്ഞു. കാർഗിലിൽ സൈനിക ജോലിക്കിടെ ഒരു മാസത്തെ അവധിയിൽ നാട്ടിൽ വന്നതാണ് യുവാവ്.