അമ്പത്തൊമ്പതുകാരൻ മുസ്തഫ പ്രകൃതി വിരുദ്ധ പീഡനത്തിന് കുട്ടികളെ വശത്താക്കുന്നത് ലഹരി നൽകി, ആദ്യം നൽകുന്നത് സൗജന്യമായി
തിരൂർ: ഹൈസ്കൂൾ വിദ്യാർത്ഥികളെ ലഹരിമരുന്ന് നൽകി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ തലക്കടത്തൂർ സ്വദേശി കുന്നത്ത് പറമ്പിൽ മുസ്തഫയെ (59) തിരൂർ പൊലീസ് പിടികൂടി. ഹാൻസ്, കഞ്ചാവ് ബീഡി എന്നിവ കുട്ടികൾക്ക് നൽകി സൗഹൃദമുണ്ടാക്കുകയാണ് പ്രതിയുടെ രീതി. പിന്നീട് ഇവ തേടി സമീപിക്കുമ്പോഴാണ് പീഡനത്തിനിരയാക്കുന്നത്.
വീട്ടുകാർ കുട്ടികളിൽ നിന്ന് ഹാൻസും ബീഡിയും കണ്ടെടുത്തതോടെയാണ് വിവരങ്ങളറിഞ്ഞ് പരാതിയുമായി പൊലീസിനെ സമീപിക്കുന്നത്. തിരൂർ സി.ഐ ജിജോയുടെ നേതൃത്വത്തിൽ എസ്.ഐ അബ്ദുൾ ജലീൽ കറുത്തേടത്ത്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷിജിത്ത്, സിവിൽ പൊലീസ് ഓഫീസർ ഉണ്ണിക്കുട്ടൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. തിരൂർ മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.