അച്ഛനും മകനും ആത്മഹത്യ ചെയ്ത സംഭവം; ദുരൂഹത നീക്കാൻ പോലീസ് അന്വേഷണം തുടങ്ങി
തിരുവനന്തപുരം: അച്ഛനും മകനും കാർ ടാങ്കർ ലോറിയിലേക്ക് ഇടിച്ച് കയറ്റി ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹത നീക്കാൻ പൊലീസ് അന്വേഷണം ആരംഭിച്ചു. നെടുമങ്ങാട് മല്ലമ്പ്രക്കോണം സ്വദേശി പ്രകാശ് ദേവരാജനും (50) മകൻ ശിവദേവുമാണ് (12) മരിച്ചത്.
തന്റെയും മകന്റെയും മരണത്തിന് ഉത്തരവാദികൾ വിദേശത്തുള്ള നൃത്ത അദ്ധ്യാപികയായ ഭാര്യ ശിവകലയും അവരുടെ കാമുകനായ വിളപ്പിൽശാല സ്വദേശിയുമാണെന്ന് കാറിനുള്ളിൽ നിന്ന് ലഭിച്ച കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ഇവരെക്കൂടാതെ രണ്ട് പേരെക്കുറിച്ചും കുറിപ്പിലുണ്ട്.
നാലുപേരും തന്നെയും മക്കളെയും മാനസികമായും സാമ്പത്തികമായും അത്രയേറെ ദ്രോഹിച്ചെന്നും, താനിപ്പോൾ ലക്ഷക്കണക്കിന് രൂപയുടെ കടക്കാരനാണെന്നും കുറിപ്പിൽ പറയുന്നുണ്ട്. കാര്യങ്ങളെല്ലാം മേക്കപ്പ് ആർട്ടിസ്റ്റായ അമലിന് അറിയാമെന്നും കത്തിലുണ്ട്.
അഞ്ച് ദിവസം മുമ്പ് പ്രകാശ് വിളിച്ച് ശിവകലയും വിളപ്പിൽശാല സ്വദേശിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചിരുന്നുവെന്ന് അമൽ പ്രതികരിച്ചു. തനിക്കൊന്നും അറിയില്ലെന്ന് പ്രകാശിനോട് പറഞ്ഞിരുന്നുവെന്നും യുവാവ് വ്യക്തമാക്കി.
ആത്മഹത്യ കുറിപ്പിൽ പറയുന്ന എല്ലാവരും വിദേശത്തായതിനാൽ മൊഴിയെടുപ്പ് നീളും. അപകടവുമായി ബന്ധപ്പെട്ട് മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും പൊലീസ് തുടർനടപടി സ്വീകരിക്കുക.