ദില്ലി: പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തില്‍ ആടിയുലഞ്ഞ് ബിജെപിയുടെ സഖ്യകക്ഷികള്‍. പ്രധാന സഖ്യകക്ഷിയായ ജെഡിയുവിലെ നേതാവ് രാജിവച്ചു. ബിഹാറിലെ ജെഡിയുവില്‍ വന്‍ പൊട്ടിത്തെറിക്ക് സാധ്യതയുണ്ടെന്നും ഒട്ടേറെ നേതാക്കള്‍ രാജിവയ്ക്കുമെന്നുമാണ് വിവരം. ജെഡിയു ന്യൂനപക്ഷ സെല്‍ ജനറല്‍ സെക്രട്ടറി ഷാഹിദ് ഖവജയാണ് രാജിക്കത്ത് നല്‍കിയത്.
മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നിലപാട് ശരിയല്ലെന്ന് അദ്ദേഹം തുറന്നുപറയുകയും ചെയ്തു. പാര്‍ലമെന്റിന്റെ ഇരുസഭകളിലും ജെഡിയു ബില്ലിനെ പിന്തുണച്ചിരുന്നു. പൗരത്വ ബില്ലുമായി ബന്ധപ്പെട്ട വിഷയത്തില്‍ ജെഡിയുവില്‍ രാജിവയ്ക്കുന്ന ആദ്യ പ്രധാന നേതാവാണ് ഇദ്ദേഹം.
ജെഡിയുവിന്റെ പ്രധാന വോട്ടുബാങ്കാണ് മുസ്ലിംകള്. ബില്ലിനെ പിന്തുണച്ചത് നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമോ എന്ന ആശങ്ക ജെഡിയു നേതൃത്വത്തിനുണ്ട്. ജെഡിയുവിന്റെ ഭരണഘടനയ്ക്ക് വിരുദ്ധമായിട്ടാണ് നിതീഷ് കുമാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഖവജ പറഞ്ഞു. പാര്‍ട്ടി ഭരണഘടന മതനിരപേക്ഷതയില്‍ ഊന്നിയുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തി. നേരത്തെ പൗരത്വ നിയമം, പൗരത്വ പട്ടിക എന്നീ വിഷയങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് ജെഡിയു ദേശീയ വൈസ് പ്രസിഡന്റ് പ്രശാന്ത് കിഷോര്‍ രംഗത്തുവന്നിരുന്നു. ബില്ലിനെ പിന്തുണച്ച പാര്‍ട്ടി നിലപാട് ശരിയായില്ലെന്ന് അദ്ദേഹം തുറന്നുപറഞ്ഞിരുന്നു .