സ്കൂളില്‍ നിന്നും കാണാതായ മൂന്ന് കുട്ടികളുടെ മൃതദേഹങ്ങള്‍ സമീപത്തെ കുളത്തില്‍ കണ്ടെത്തി.
ഭോപ്പാല്‍: സ്കൂളില്‍ നിന്നും കാണാതായ മൂന്ന് കുട്ടികളെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മധ്യപ്രദേശിലെ ബാലാഘട്ട് ജില്ലയിലാണ് സ്കൂൾ കഴിഞ്ഞ ശേഷം മൂന്ന് കുട്ടികളെ കാണാതാവുകയും പിന്നീട് അവരുടെ മൃതദേഹം കുളത്തിൽ പൊങ്ങിക്കിടക്കുന്നതായും കണ്ടെത്തിയത്.
5 മുതൽ 9 വയസ്സ് വരെ പ്രായമുള്ള രണ്ട് പെൺകുട്ടികളും, ഒരു ആണ്‍കുട്ടിയുമാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് സീതാപൂർ ഗ്രാമത്തിലെ ഒരു പ്രാദേശിക സ്കൂളിൽ പോയിരുന്നു ഇവര്‍. എന്നാല്‍ തിരിച്ചുവരേണ്ട സമയം ആയിട്ടും എത്തിയില്ലെന്നാണ് മലജ്ഖണ്ഡ് പോലീസ് സ്റ്റേഷൻ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ കൈലാഷ് ഉയ്കെ പറഞ്ഞത്.
തെരച്ചിലിനിടെ, ചൊവ്വാഴ്ച രാത്രി വൈകീട്ടോടെ സമീപത്തെ കൃഷിയിടത്തിലെ കുളത്തിൽ മൃതദേഹങ്ങൾ പൊങ്ങിക്കിടക്കുന്നത് അവരുടെ കുടുംബാംഗങ്ങൾ കണ്ടതായി അദ്ദേഹം പറഞ്ഞു. സമീപത്ത് കളിക്കുന്നതിനിടെ കുട്ടികൾ കുളത്തിലേക്ക് വഴുതിവീണ് മുങ്ങിമരിച്ചതാകാമെന്ന് സംശയിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ബുധനാഴ്ച പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തതായി അദ്ദേഹം പറഞ്ഞു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.