കാസർകോട്: ജില്ലയിലെ ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജമേകുന്ന പദ്ധതിയാണ് തടയണ മഹോത്സവമെന്നും നഷ്ടപ്പെട്ട ജീവജലം തിരിച്ചുപിടിക്കാനുള്ള പ്രാദേശിക കൂട്ടായ്മയാണ് തടയണ മഹോത്സവമെന്നുംജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത് ബാബു പറഞ്ഞു.പീലിക്കോട് ഗ്രാമപഞ്ചായത്തിലെ പാടിക്കീല് പള്ളിക്കണ്ടം തോടിന് സമീപം തടയണ ഉത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 12 നദികളുള്ള ജില്ലയില്‍ വേനല്‍ കടുക്കുന്നതോടെ വരള്‍ച്ച രൂക്ഷമാകുന്നു. ഈ പ്രതിസന്ധിയാണ് നാം ആദ്യം മറികടക്കേണ്ടത്്. ജില്ലയുടെ സമഗ്ര വികസനത്തില്‍ ജലസുരക്ഷ ഭക്ഷ്യ സുരക്ഷ സാമ്പത്തിക സുരക്ഷ സാമൂഹിക സുരക്ഷ എന്നിങ്ങനെ നാലുമേഖലകളിലൂടെയുള്ള പ്രവര്‍ത്തനമാണ് പൊതുജന പങ്കാളിത്തത്തോടെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും ഇതിന്റെ പ്രാഥമിക ഘട്ടം എന്ന നിലയിലാണ് ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതെന്നും കളക്ടര്‍ പറഞ്ഞു.
പീലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ടി.വി ശ്രീധരന് അധ്യക്ഷനായി. തടയണ ഉത്സവഗാന പ്രകാശനവും ജില്ലാ കളക്ടര്‍ ഡോ ഡി.സജിത് ബാബു നിര്‍വ്വഹിച്ചു. പീലിക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ശൈലജ ഗാനങ്ങളടങ്ങിയ പെന്‍ഡ്രൈവ് ഏറ്റുവാങ്ങി. കണ്‍വീനര്‍ പി.വി.ചന്ദ്രന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.കാസര്‍കോട് വികസന പാക്കേജ് സ്പെഷല്‍ ഓഫീസര്‍ ഇ.പി.രാജ് മോഹന്‍, സ്റ്റാന്‍ന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ എം.കുഞ്ഞിരാമന്, എം ടി പി മൈമുനത്ത് പീലിക്കോട് പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍മാരായ പി.ശാന്ത, ടി പി രാഘവന് ,എന്നിവര്‍ സംസാരിച്ചു . പീലിക്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ രമേശന് സ്വാഗതവും കൃഷി ഓഫീസര്‍ പി ഡി ജലേശന്‍ നന്ദിയും പറഞ്ഞു.
ജില്ലയിലെ നദികളിലെല്ലാം റെഗുലേറ്റര്‍ കം ബ്രിഡ്ജ്
വരുന്നു
തടയണ മഹോത്സവത്തിലുടെ ജില്ലയിലെ 777 വാര്‍ഡുകളിലും 10 തടയണ വീതം നിര്‍മ്മിക്കും. ഇതിന്റെ ആദ്യ ഭാഗമായി 6500 തടയണകളാണ് നിര്‍മ്മിക്കുക. ജില്ലയിലെ 12 നദികളില്‍ ഒന്നില്‍ മാത്രമാണ് റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിലവിലുള്ളത്. മറ്റ് 11 നദികളില്‍ കൂടി റെഗുലേറ്റര്‍ കം ബ്രിഡ്ജ് സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ജില്ലയില്‍ ഇതിനകം ആരംഭിച്ച ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഫലപ്രാപ്തി ഉണ്ടെന്നതിന് തെളിവാണ് ജില്ലയിലെ നിരീക്ഷണ കിണറുകളിലെ ജലത്തിന്റെ അളവ് കൂടിവരുന്നത്. 65 നിരീക്ഷണ കിണറുകളില്‍ 64 എണ്ണത്തിലും ജലത്തിന്റെ അളവ് മുന്‍വര്‍ഷത്തേക്കാള്‍ കൂടിയിട്ടുണ്ട്. 20 സെന്റീമീറ്റര്‍ മുതല്‍ 12 മീറ്ററോളം ജലം കിണറുകളില്‍ ഉയര്‍ന്നിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.
ജില്ലാ ഭരണകൂടത്തിന്റെ തടയണ ഗാനം
തടയണ മഹോത്സവത്തിന് ഊര്‍ജമേകാന്‍ ജില്ല ഭരണകൂടത്തിന്റെ തടയണ ഗാനം .തടയണ നിര്‍മ്മാണത്തിന് ആഹ്വാനം നല്കുന്ന കന്നഡ ഗാനം ജനങ്ങള്‍ക്ക് നല്‍കിയാണ് ജില്ലാ കളക്ടര്‍ തടയണ ഉത്സവം ഉദ്ഘാടനം ചെയ്തത്. ജില്ല കളക്ടറിന്റെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്റായ കെ പി ഷേര്‍ലി യാ ണ് കന്നഡത്തിലും മലയാളത്തിലുമുള്ള ഗാനം ആലപിച്ചിരിക്കുന്നത്. കളക്ട്രേറ്റിലെ ക്ലര്‍ക്കായ ലീലാവതിയാണ് കന്നഡയിലുള്ള ഗാനം മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തതിരിക്കുന്നത്. 2020 ജനുവരി 4 വരെ ഈ ഗാനം മൊബൈല്‍ റിംഗ്ടോണാക്കാനും കളക്ടര്‍ ഡോ ഡി.സജിത് ബാബു ആവശ്യപ്പെട്ടു.
ഇനി ഞാന്‍ ഒഴുകട്ടെ:
നിറഞ്ഞൊഴുകാന്‍ മടിക്കൈ
ഹരിത കേരളം മിഷന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സംസ്ഥാനത്തൊട്ടാകെ നടപ്പിലാക്കുന്ന നീര്ച്ചാല് പുനരുജജീവന പരിപാടിയായ ഇനി ഞാന്‍ ഒഴുകട്ടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മടിക്കൈ ഗ്രാമപഞ്ചായത്തിലെ വാഴക്കോട് ഏച്ചിക്കാനം തോട് പുനരുജ്ജീവനപ്രവര്‍ത്തനം ആരംഭിച്ചു.15 കിലോമീറ്റര്‍ നീളത്തില്‍ മാനൂരി മുതല്‍ അരയി വരെയുള്ള ഭാഗത്താണ് പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. മടിക്കൈ എന്നാല്‍ മടിത്തട്ടില്‍ വെള്ളമുള്ള നാട് എന്നര്‍ത്ഥം. എന്നാല്‍ നിലവില്‍ ജീവനില്ലാത്ത നീരൊഴുക്കായി ഒഴുകുന്ന നിരവധി തോടുകള്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ട്.. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താനുള്ള ക്രിയാത്മകമായ ഇടപെടലാണ് ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് നടപ്പിലാക്കി വരുന്നത്. വാഴക്കോട് ഏച്ചിക്കാനം തോട് പുനരുജ്ജീവന പ്രവര്‍ത്തനം ഹരിത കേരളം മിഷന് ജില്ലാ കോഓര്‍ഡിനേറ്റര്‍ എം.പി. സുബ്രഹ്മണ്യന് ഉദ്ഘാടനം ചെയ്തു. മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.പ്രഭാകാരന്‍ അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് കെ. പ്രമീള, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് ‘ശശീന്ദ്രന് മടിക്കൈ ,വാര്‍ഡ് മെമ്പര്‍മാരായ പി സുശീല, ടി സരിത, ബിജി ബാബു ,വാര്‍ഡ് കണ്‍വീനര്‍ മനോജ്, കെ.വേലായുധന്, കെ.നാരായണന്, തൊഴിലുറപ്പ് പദ്ധതി അസിസ്റ്റന്റ് എന്‍ജിനീയര്‍ ശരീഫ് എന്നിവര്‍ സംസാരിച്ചു.കുടുംബശ്രീ പ്രവര്‍ത്തകര്‍ , വാര്‍ഡ് വികസന സമിതി, അയല്‍ക്കൂട്ടം, ക്ലബ്ബ്, പാടശേഖര സമിതി പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍ പുനരുജ്ജീവന പ്രവര്‍ത്തനത്തില്‍ പങ്കാളികളായി.