ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വര്‍ണക്കടത്ത്: സിനിമാനിര്‍മാതാവ് സിറാജുദ്ദീന് പിടിയില്‍
കൊച്ചി: തൃക്കാക്കര സ്വര്‍ണക്കടത്ത് കേസില്‍ സിനിമാ നിര്‍മാതാവ് കെ.പി. സിറാജുദ്ദീന് കസ്റ്റംസിന്റെ പിടിയിലായി. ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വര്‍ണം കടത്തിയ കേസിലാണ് സിറാജുദ്ദീന് പിടിയിലായത്. സംഭവത്തില്‍ തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാന്റെ മകന് അടക്കം നേരത്തെ അറസ്റ്റിലായിരുന്നു.
ഏപ്രില്‍ രണ്ടിനാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കാര്‍ഗോയായില്‍ വന്ന ഇറച്ചിവെട്ട് യന്ത്രത്തില്‍നിന്ന് രണ്ടരക്കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്. കേസ് അന്വേഷണത്തിന്റെ ഭാഗമായി തൃക്കാക്കര നഗരസഭാ വൈസ് ചെയര്മാന് ഇബ്രാഹിംകുട്ടിയുടെ മകന് ഷാബിന് അടക്കം മൂന്നുപേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു.
ഇറച്ചിവെട്ട് യന്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം കടത്തിയത്. ഇത്തരത്തില്‍ മുന്‍പും സ്വര്‍ണം കടത്തിയിരുന്നെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഷാബിനെയും മറ്റു പ്രതികളെയും ചോദ്യംചെയ്തപ്പോഴാണ് സിനിമാനിര്‍മാതാവ് കെ.പി. സിറാജുദ്ദീനാണ് ഗള്‍ഫില്‍നിന്ന് സ്വര്‍ണം അയച്ചതെന്ന് വ്യക്തമായത്. ചാര്‍മിനാര്‍, വാങ്ക് തുടങ്ങിയ സിനിമകളുടെ നിര്‍മാതാവാണ് സിറാജുദ്ദീന്.
ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പലതവണ സിറാജുദ്ദീന്റെ വീട്ടില്‍ നോട്ടീസ് നല്കി. എന്നാല്‍ അദ്ദേഹം ഹാജരായില്ല. എന്നാല്‍ ചൊവ്വാഴ്ച സിറാജുദ്ദീന് ചെന്നൈയില്‍ വിമാനം ഇറങ്ങിയ ശേഷം നാട്ടിലേക്ക് വന്നു. അവിടെനിന്നാണ് അദ്ദേഹത്തെ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തത്. തൃക്കാക്കര സ്വര്‍ണക്കടത്തു കേസിലെ പ്രധാന പ്രതിയാണ് സിറാജുദ്ദീന്. അതിനാല്‍തന്നെ ഉടന്‍ ഇദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം.