വ്യാജ രേഖ ഉപയോഗിച്ച് നാലു കോടി രൂപ തട്ടിപ്പുനടത്തിയ സിനിമ നിർമാതാവും കരാറുകാരനുമായ ബേവിഞ്ച സ്വദേശി എം ഡി മെഹഫീസിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. സമാനരീതിയിൽ നിരവധിപേർ തട്ടിപ്പു നടത്തിയതായി സൂചന.
കാസർകോട്: വ്യാജരേഖ ഉപയോഗിച്ച് വായ്പ തട്ടിപ്പ് നടത്തിയ കേസിൽ സിനിമ നിർമാതാവും കരാറുകാരനുമായ കാസർകോട് ബേവിഞ്ച സ്വദേശി അറസ്റ്റിൽ. എം ഡി മെഹഫീസിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. നാല് കോടി രൂപ തട്ടിയെടുത്തെന്നാണ് പരാതി.സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്ന് വിവിധ തവണകളായി നാല് കോടി പതിനേഴ് ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. 2018 ലാണ് ഇയാൾ വ്യാജ രേഖകൾ നൽകി വായ്പയെടുത്തത്. രേഖകൾ പരിശോധിച്ചപ്പോൾ വ്യാജമാണെന്ന് കണ്ടെത്തിയതോടെ പരാതിനൽകുകയായിരുന്നു.ഒന്നിലധികം വ്യാജ രേഖകൾ ചമച്ച് തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. മെഹഫീസ് ബേവിഞ്ചയിലെ ഒരു പ്രമുഖ കരാറുകാരൻ എന്ന നിലയിൽ പ്രശസ്തനാണ്. എന്നാൽ സിനിമയുമായി ബന്ധപ്പെട്ട വിവരങ്ങൾ നാട്ടിലെ പലർക്കും അറിയില്ലായിരുന്നു. ഇയാൾ നിർമിച്ച സിനിമ അടുത്തയാഴ്ച റിലീസ് ചെയ്യാനിരിക്കെയാണ് അറസ്റ്റ് ഉണ്ടായത്. അതേസമയം സമാനരീതിയിലുള്ള തട്ടിപ്പ് നിരവധി പേർ നടത്തിയതായി സൂചനകൾ പുറത്തുവരുന്നുണ്ട്. ഇത്തരം തട്ടിപ്പുനടത്തിയ പലരും കരാർ മേഖലയിലും ഭൂമിയിടപാടുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആളുകളാണ്. തട്ടിപ്പിന് അന്നതെ കെഎസ്എഫ്ഇ അധികൃതർ കൂട്ടുനിന്നതായി ആക്ഷേപമുണ്ട്. സാധാരണക്കാരുടെ അടവ് മുടങ്ങിയാൽ നിയമത്തിൻറെ നൂലാമാലകളിൽ അകപ്പെടുത്തുന്ന അധികൃതർ ആദ്യ ഘട്ടത്തിൽ ഇത്തരം തട്ടിപ്പുകാർക്ക് ഒത്താശ നൽകി വരികയായിരുന്നു എന്നാണ് ആക്ഷേപം.