കോട്ടയത്ത് വീഡിയോ കോളിന് പിന്നാലെ യുവതി ജീവനൊടുക്കിയ സംഭവം; ഭർത്താവ് അറസ്റ്റിൽ
കോട്ടയം: വീഡിയോ കോൾ ചെയ്ത ശേഷം ഭാര്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കാഞ്ഞിരപ്പള്ളി സ്വദേശി നാസർ ആണ് അറസ്റ്റിലായത്. കഴിഞ്ഞ വർഷം ജൂലായിലായിരുന്നു നാസറിന്റെ ഭാര്യ അനീഷ (21) ജീവനൊടുക്കിയത്. അനീഷയെ നാസർ മാനസികമായി പീഡിപ്പിച്ചെന്ന് പൊലീസ് കണ്ടെത്തിയതിനെത്തുടർന്നാണ് അറസ്റ്റ്.
നാസർ അനീഷയോട് സ്ഥിരമായി വഴക്കുണ്ടാക്കിയിരുന്നെന്നും ഇയാൾക്കെതിരെ പയ്യോളി സ്റ്റേഷനിൽ നിരവധി കേസുകളുണ്ടായിരുന്നെന്നും അനീഷയുടെ കുടുംബം ആരോപിക്കുന്നു. അനീഷയ്ക്കെതിരെ അപവാദ പ്രചാരണങ്ങൾ കൂടി ആരംഭിച്ചതോടെ മനംനൊന്ത് ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് കുടുബം പറയുന്നത്.
അനീഷയുടെ പിതാവ് റഹ്മത്ത് അലിയുടെ താത്പര്യത്തോടെയായിരുന്നില്ല മകളുടെ വിവാഹം. മകളെ നാസർ തട്ടിക്കൊണ്ടുപോയെന്നാരോപിച്ച് പരാതി നൽകിയിരുന്നെങ്കിലും ഇരുവരും പ്രായപൂർത്തിയായിരുന്നതിനാൽ വിവാഹത്തിന് അനുവദിക്കുകയായിരുന്നു.
കുഞ്ഞിനെ തൊട്ടിലിൽ ഉറക്കിക്കിടത്തിയ ശേഷം തൊട്ടിലിന്റെ കയറിൽത്തന്നെ തൂങ്ങിമരിച്ച നിലയിലായിരുന്നു അനീഷയുടെ മൃതദേഹം കണ്ടെത്തിയത്. മരിക്കുന്നതിന് തൊട്ടുമുൻപ് നാസറിനെ വീഡിയോ കോൾ ചെയ്തതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു.
മകൾ മരിച്ചിട്ട് മാസങ്ങൾക്ക് ശേഷവും നാസറിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് അനീഷയുടെ പിതാവ് ഡിജിപിയ്ക്കും മുഖ്യമന്ത്രിയ്ക്കും പരാതി നൽകിയിരുന്നു. ഇതിൽ നടപടി ഉണ്ടാകാത്തതിനാൽ കോടതിയെ സമീപിച്ചു. ഇതേത്തുടർന്ന് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ നേതത്വത്തിൽ നടത്തിയ അന്വേഷണത്തിലും തുടർന്ന് ഫോൺ രേഖകൾ പരിശോധിച്ചതിലും മാനസിക പീഡനം നടന്നുവെന്ന് വ്യക്തമാവുകയായിരുന്നു. കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.