പ്രവാസികള്‍ക്ക് സന്തോഷ വാർത്ത: പുതിയ തൊഴിലുടമയിലേക്ക് മാറാൻ ലെവി കുടിശ്ശിക അടയ്ക്കേണ്ട
റിയാദ്: സൗദി അറേബ്യയിലെ പ്രവാസികള്‍ നിലവിലുള്ള തൊഴിലുടമയില്‍ നിന്ന് പുതിയ തൊഴിലുടമയിലേക്ക് മാറുമ്പോള്‍ ലെവി കുടിശിക അടയ്ക്കേണ്ടതില്ല. സ്പോൺസർഷിപ്പ് മാറുമ്പോൾ മാറുന്ന തീയതി മുതലുള്ള ലെവി പുതിയ സ്പോൺസർ അടച്ചാൽ മതിയെന്നും അതുവരെയുള്ള ലെവി പഴയ സ്പോൺസറാണ് അടക്കേണ്ടതെന്നും സൗദി മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി.
തൊഴില്‍ മന്ത്രാലയത്തിന്റെ ‘ക്വിവ’ വെബ്സൈറ്റിലുള്ള വ്യക്തിഗത സ്ഥാപനങ്ങൾക്കിടയിലെ തൊഴിൽ മാറ്റ സംവിധാനത്തിലാണ് ഈ പരിഷ്കരണം. ഇതോടെ നിലവിലെ സ്പോൺസറുടെ കീഴിലായിരുന്നപ്പോഴുള്ള ലെവി അടക്കാതെ തന്നെ പുതിയ തൊഴിലുടമയിലേക്ക് തൊഴിലാളിക്ക് സ്പോൺസർഷിപ്പ് മാറാൻ കഴിയും. തൊഴിലാളി തന്റെ സ്പോൺസർഷിപ്പിന് കീഴിലായ തീയതി മുതലുള്ള ലെവി പുതിയ തൊഴിലുടമ അടച്ചാൽ മതിയാകും.