നടിയെ പീഡിപ്പിച്ച കേസ്; വിജയ് ബാബുവിന് മുൻകൂർ ജാമ്യം, അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങണം
കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഈ മാസം 27ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായി ചോദ്യം ചെയ്യലുമായി സഹകരിക്കണം, ചോദ്യം ചെയ്യൽ പൂർത്തിയായി മതിയായ തെളിവുകൾ ഉണ്ടെങ്കിൽ അറസ്റ്റ് രേഖപ്പെടുത്തിയാൽ മുൻകൂർ ജാമ്യം നൽകിയ സാഹചര്യത്തിൽ ജാമ്യം നൽകി വിട്ടയയ്ക്കണം, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത് തുടങ്ങിയ കർശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.നടിയുമായുള്ള ബന്ധം പരസ്പര സമ്മതത്തോടെയാണെന്നും, പുതിയ സിനിമയിൽ അവസരം നൽകാത്തതിൽ ബ്ലാക്ക്മെയിലിന്റെ ഭാഗമായാണ് പരാതിയെന്നും വിജയ് ബാബു കോടതിയെ അറിയിച്ചിരുന്നു. കോടതി നിർദേശപ്രകാരം അന്വേഷണവുമായി സഹകരിച്ചെന്നും ഇനി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്നുമാണ് വിജയ് ബാബുവിന്റെ വാദം.എന്നാൽ വിജയ് ബാബുവിൽ നിന്ന് കടുത്ത ലൈംഗിക പീഡനവും ചൂഷണവും തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നടി കോടതിയെ അറിയിച്ചിട്ടുണ്ട്. വിജയ് ബാബുവിനെ കസ്റ്റഡിയിൽ വേണമെന്നും കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും പ്രോസിക്യൂഷനും കോടതിയെ അറിയിച്ചിട്ടുണ്ട്.