ആരാധകരുടെ ദളപതിക്ക് ഇന്ന് നാൽപ്പത്തിയെട്ടാം പിറന്നാൾ, തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നടൻ
സിനിമാ പ്രേമികൾ ആരാധനയോടെ ‘ദളപതി’യെന്ന് വിളിക്കുന്ന നടൻ വിജയ്ക്ക് ഇന്ന് നാൽപ്പത്തിയെട്ടാം പിറന്നാൾ. തെന്നിന്ത്യൻ സിനിമാ ലോകത്തെ ഏറ്റവും താരമൂല്യമുള്ള നടന്മാരിൽ ഒരാളാണ് ജോസഫ് വിജയ് ചന്ദ്രശേഖർ. കേരളത്തിലും തമിഴ്നാട്ടിലും ഒക്കെയായി ഒട്ടനവധി ആരാധകരുള്ള താരം യുവതലമുറയെയും കുട്ടികളെയും മുതിർന്നവരെയുമെല്ലാം ഒരുപോലെ തന്റെ ചിത്രങ്ങളിലൂടെ രസിപ്പിക്കുന്നു.തമിഴ്നാട്ടിൽ രജനീകാന്ത് എന്ന നടൻ സ്വന്തമാക്കിയ ആരാധകപിന്തുണയ്ക്ക് സമാനമായാണ് വിജയ്യുടെ വളർച്ച. സഹതാരങ്ങളുടെ മികച്ച ചിത്രങ്ങൾ പോലും ചിലപ്പോഴൊക്കെ ബോക്സോഫീസിൽ ചലനം സൃഷ്ടിക്കാതെ പോകുമ്പോൾ വിജയ്യുടെ സമ്മിശ്ര പ്രതികരണം ലഭിക്കുന്ന ചിത്രങ്ങൾ വരെ ഹിറ്റാകുന്നത് ഈ കടുത്ത ആരാധക പിന്തുണ കൊണ്ടാണ്.ബാലതാരമായി വന്ന് പ്രണയചിത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരത്തിന്റെ ഗ്രാഫ് ഉയർന്നത് ആക്ഷൻ ചിത്രങ്ങളിലേക്ക് ചുവട് വച്ചതോടെയാണ്. കമലഹാസൻ ചിത്രം ‘വിക്രം’ കേരളത്തിലും തമിഴ്നാട്ടിലും മുന്നേറുമ്പോൾ തകർത്തതിൽ ഭൂരിഭാഗവും വിജയ് ചിത്രങ്ങളുടെ റെക്കോർഡുകളാണ്, അതും സമ്മിശ്ര പ്രതികരണങ്ങൾ കിട്ടിയ ചിത്രങ്ങളുടെ. വിജയ്യുടെ ഫുൾ പോസിറ്റീവ് ചിത്രം വന്നാൽ തകരാവുന്ന റെക്കോർഡുകളെ നിലവിലുള്ളു എന്ന് ആരാധകർ വിശ്വസിക്കുന്നു.താരത്തിന്റെ പിറന്നാളിനോടനുബന്ധിച്ച് ആരാധകർ നിരവധി പരിപാടികൾ പലയിടത്തും സംഘടിപ്പിക്കുന്നുണ്ട്. ഈയടുത്ത് താരത്തിന്റെ സൂപ്പർഹിറ്റ് ചിത്രങ്ങൾ റീ റിലീസ് വരെ ചെയ്തിരുന്നു. പിറന്നാളിനോടനുബന്ധിച്ച് താരത്തിന്റെ കരിയറിലെ അറുപത്തിയാറാം സിനിമയുടെ ഫസ്റ്റ് ലുക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. വംശി സംവിധാനം ചെയ്യുന്ന ‘വരിസ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് റിലീസായത് ‘രക്ഷകൻ’ ചിത്രങ്ങൾ മാത്രം ചെയ്യുന്നു, ഒരേ തരം ചിത്രങ്ങൾ മാത്രം, അഭിനയിക്കാൻ അറിയില്ല തുടങ്ങി നിരവധി വിമർശനങ്ങളാണ് താരം പലപ്പോഴും നേരിട്ടിട്ടുള്ളത്. രാഷ്ട്രീയ നിലപാടുകളുടെ പേരിലും ക്രൂശിക്കാനുള്ള ശ്രമങ്ങൾ നടന്നു.കരിയറിൽ പതിയെ മാറ്റം വരുത്താൻ താൻ ഏറെ ആഗ്രഹിക്കുന്നു എന്ന് വെളിപ്പെടുത്തുന്നതാണ് വിജയ്യുടെ സമീപകാലത്തിറങ്ങിയ ചിത്രങ്ങളും വരാനിരിക്കുന്ന ചിത്രങ്ങളും നൽകുന്ന സൂചനകൾ. വിമർശനങ്ങൾക്കെല്ലാമുള്ള മറുപടിയെന്ന പോലെ സഹതാരങ്ങൾക്ക് എത്തിപ്പെടാൻ സാധിക്കാത്ത ഉയരങ്ങളിലേയ്ക്ക് വിജയ് എന്ന താരം വളരുകയാണ്, പിന്നിലുള്ള കടുത്ത ആരാധകരുടെ പിന്തുണയോടെ, അവരുടെ ദളപതിയായി.