പാര്‍ട്ടി നടപടിയെടുത്ത ഏരിയാസെക്രട്ടറിയുമായുള്ള അനുരഞ്ജന ശ്രമം തുടർന്ന് സി.പി.എം
പയ്യന്നൂർ: പയ്യന്നൂരിലെ സി.പി.എം. ഫണ്ട് തിരിമറി വിവാദത്തെത്തുടർന്ന് ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയ വി. കുഞ്ഞികൃഷ്ണനുമായി വീണ്ടും പാർട്ടിയുടെ അനുരഞ്ജനനീക്കം. ബുധനാഴ്ച വെള്ളൂരിൽ സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ പങ്കെടുക്കുന്ന വെള്ളൂർ ഈസ്റ്റ് ബ്രാഞ്ച് ഓഫീസ് ഉദ്ഘാടനം നടക്കാനിരിക്കെയാണ് അനുരഞ്ജനത്തിനുള്ള ശ്രമം നടന്നത്.
സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജനും പയ്യന്നൂർ ഏരിയാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ടി.വി. രാജേഷും തിങ്കളാഴ്ച വൈകുന്നേരം വി. കുഞ്ഞികൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയതായി അറിയുന്നു. ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട പാർട്ടി അന്വേഷണ കമ്മിഷൻ അംഗം കൂടിയാണ് ടി.വി. രാജേഷ്. തിങ്കളാഴ്ച രാവിലെ പി. ജയരാജൻ വി. കുഞ്ഞികൃഷ്ണനുമായി ചർച്ച നടത്തിയെങ്കിലും തീരുമാനത്തിൽ മാറ്റമില്ലെന്ന് അദ്ദേഹം അറിയിച്ചിരുന്നു.
എം.വി. ജയരാജനും ടി.വി. രാജേഷും ഒന്നരമണിക്കൂറോളം വി. കുഞ്ഞികൃഷ്ണനുമായി ചർച്ച നടത്തിയെന്നാണ് സൂചന. പൊതുപ്രവർത്തനം അവസാനിപ്പിച്ചുവെന്ന അദ്ദേഹത്തിന്റെ നിലപാട് പ്രവർത്തകർക്കിടയിൽ പാർട്ടിക്കെതിരേ അമർഷത്തിനിടയാക്കിയിട്ടുണ്ട്. ഇത് തിരിച്ചടിയാകാതിരിക്കാനുള്ള ശ്രമങ്ങളാണ് നേതൃത്വം നടത്തുന്നത്. ഇതിനായി അസാധാരണ നടപടികളാണ് പാർട്ടി നടത്തുന്നത്. പുറത്താക്കുകയോ സ്ഥാനത്തുനിന്ന് നീക്കുകയോ ചെയ്ത നേതാക്കളുമായി വീണ്ടും ചർച്ച നടത്തുന്ന പതിവ് സി.പി.എമ്മിൽ സാധാരണ ഉണ്ടാകാറില്ല.