പാലക്കാട് കോളേജിന് സമീപം കണ്ട യുവാവ് മർദ്ദനമേറ്റ് മരിച്ചു
പാലക്കാട്: വിക്ടോറിയ കോളേജിന് സമീപത്തുവച്ച് മർദ്ദനമേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. ഏകദേശം 30 വയസ് പ്രായം തോന്നുന്നയാളാണ് മരിച്ചത്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ ഇയാളെ മർദ്ദിച്ച നരികുത്തി സ്വദേശി ഫിറോസ് പൊലീസ് കസ്റ്റഡിയിലായി.
വിക്ടോറിയ കോളേജിന് സമീപമുളള ലേഡീസ് ഹോസ്റ്റലിനടുത്ത് കണ്ടയാളുമായി ഫിറോസും സ്ഥലവാസികളായ ചിലരും ചേർന്ന് തർക്കമുണ്ടായി. ഇതിനിടെ രണ്ടുപേർ ചേർന്ന് അപരിചിതനായ ആളെ മർദ്ദിക്കുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തിൽ ഫിറോസിന്റെ പൊലീസ് ഉദ്യോഗസ്ഥനായ സഹോദരനും പങ്കുണ്ടോ എന്ന കാര്യത്തിൽ അന്വേഷണം നടക്കുകയാണ്.
മർദ്ദനമേറ്റ യുവാവിനെ ഓട്ടോറിക്ഷ അപകടത്തിൽ പെട്ടു എന്ന പേരിലാണ് പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചത്. എന്നാൽ ചികിത്സയിലിരിക്കെ രാത്രിയോടെ ഇയാൾ മരണമടയുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ഫിറോസ് പിടിയിലായത്.