തിരുവനന്തപുരം:തിരുവനന്തപുരത്തെ നാലുമണിക്കൂറിൽ കാസർകോട്ടുമായി ബന്ധിപ്പിക്കുന്ന സെമി-ഹൈസ്പീഡ് റെയിൽവേ പദ്ധതിക്ക് ഹെലികോപ്ടർ ഉപയോഗിച്ചുള്ള സർവേ നാളെ (തിങ്കൾ) തുടങ്ങും. പതിനൊന്ന് ജില്ലകളിൽ സ്ഥലമെടുപ്പിനായി ഹെലികോപ്ടർ ഉപയോഗിച്ച് ഡിജിറ്റൽ വിവരങ്ങൾ ശേഖരിക്കാൻ ഹൈദരാബാദിലെ ജിയോനോകമ്പനിക്ക് പ്രതിരോധ മന്ത്രാലയം അനുമതിനൽകി. അഹമ്മദാബാദ്- മുംബയ് ബുള്ളറ്റ് റെയിൽവേ ലൈനിന്റെ സർവേ നടത്തിയതും ഈ കമ്പനിയാണ്.കണ്ണൂർ, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ നിന്ന് പറന്നുയരുന്ന ഹെലികോപ്ടർ ഒരാഴ്ച കൊണ്ട് കാസർകോട് മുതൽ തിരുവനന്തപുരം വരെ സർവേ പൂർത്തിയാക്കും. പാതയുടെ അന്തിമ അലൈൻമെന്റ് നിശ്ചയിക്കുന്നത് ഈ സർവേയിലാണ്.
1.70കോടിയാണ് സർവേയുടെ ചിലവ്.കണ്ണൂർ ഏഴിമലയിലെ നാവിക അക്കാഡമി, നാവികസേനയുടെ കൊച്ചിയിലെ എയർസ്റ്റേഷനായ ഐ.എൻ.എസ് ഗരുഡ, തിരുവനന്തപുരം, നെടുമ്പാശേരി വിമാനത്താവളങ്ങൾ എന്നിവയ്ക്ക് മുകളിൽ ചിത്രങ്ങളെടുക്കാൻ പ്രതിരോധമന്ത്രാലയം അനുമതി നൽകിയിട്ടില്ല. ആദ്യം 80കിലോമീറ്ററിൽ ആകാശസർവേയ്ക്ക് അനുമതി നൽകിയിരുന്നില്ലെങ്കിലും പിന്നീട് കർശന വ്യവസ്ഥകളോടെ ഇത് മൂന്നു കിലോമീറ്ററായി ചുരുക്കി. ഇവിടങ്ങളിൽ മാന്വൽസർവേ നടത്തും അലൈൻമെന്റ് ജനവാസം കുറഞ്ഞ മേഖലകളിലൂടെയാകും .സ്ഥലമെടുപ്പ് വേഗത്തിൽ പൂർത്തിയാക്കും. 30 ദിവസത്തിനകം വിശദമായ പദ്ധതിരേഖ (ഡി.പി.ആർ) തയ്യാറാക്കും. ഇത് മന്ത്രിസഭ അംഗീകരിച്ച് കേന്ദ്രത്തിന് സമർപ്പിക്കണം.ഡി.പി.ആർ തയ്യാറാക്കിയ ശേഷം വിദേശവായ്പ തീരുമാനിക്കും.
ആകാശ സർവേഇങ്ങനെയാണ്:ആറ് സീറ്റുള്ള ഇറ്റാലിയൻ പി – 68 ഒബ്സർവർ ഇരട്ടഎൻജിൻ ഹെലികോപ്ടരിൽ രണ്ട് സീറ്റുകൾ മാറ്റി ലേസർ സ്കാനറുകളും സെൻസറുകളും ഘടിപ്പിക്കും.ലൈറ്റ് ഡിറ്റക്ഷൻ ആൻഡ് റേഞ്ചിംഗ് (ലിഡാർ) സാങ്കേതികവിദ്യഉപയോഗിക്കും.ഭൂമിയുടെ കൃത്യമായ ത്രിമാന ചിത്രം ലഭിക്കും.25കിലോമീറ്റർ വിസ്തൃതിയിൽ ത്രികോണ ഇടനാഴികളായി റഫറൻസ് പോയിന്റുകൾ മാർക്കുചെയ്തിട്ടുണ്ട്. സർവേ ഡാറ്റ ഉപയോഗിച്ച് അന്തിമ അലൈൻമെന്റുണ്ടാക്കും.രണ്ട് പൈലറ്റുമാരും ജിയോനോ കമ്പനിയുടെയും റെയിൽവികസന കോർപറേഷന്റെയും ഓരോ സാങ്കേതികവിദഗ്ദ്ധരും കോപ്ടറിലുണ്ടാവും.
പാത ഇങ്ങനെ:തിരുവനന്തപുരം – തിരുനാവായ : പുതിയ അലൈൻമെന്റിൽ രണ്ടുലൈൻ ഗ്രീൻഫീൽഡ് പാത.തിരൂർ – കാസർകോട് : നിലവിലെ റെയിൽപാതയ്ക്ക് സമാന്തരമായി പുതിയ ലൈനുകൾ.പ്രത്യേകതകൾ:അരലക്ഷം തൊഴിലവസരങ്ങൾ.കാസർകോട്-തിരുവനന്തപുരം യാത്രയ്ക്ക് 3.52 മണിക്കൂർ.നിലവിൽ 13മണിക്കൂറിലേറെ.റെയിൽവേ 7720 കോടിയുടെ ഓഹരിയും സാങ്കേതിക സഹായവും നൽകും.12കി.മി മേൽപ്പാലവും രണ്ടര കി.മി തുരങ്കവും.ലോകോത്തര സ്റ്റേഷനുകളും ഉപഗ്രഹനഗരങ്ങളും വരും.മൊത്തം ചെലവ്66,405കോടി.പൂർത്തിയാവുന്നത്2024ൽ.യാത്രക്കൂലി2.75രൂപ കിലോമീറ്ററിന്’.’പദ്ധതി രേഖ വേഗത്തിൽ തയ്യാറാക്കി കേന്ദ്രത്തിന് സമർപ്പിക്കും. വേഗത്തിൽ അന്തിമാനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ.’