സ്കൂളിന് സമീപം വീണ്ടും പുലിയിറങ്ങി, ആശങ്കയില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും
തിരുവനന്തപുരം: പൊന്മുടി സ്കൂളിനു സമീപം വീണ്ടും പുലിയിറങ്ങിയതായി ആശങ്ക പടര്‍ന്നു. ഒരാഴ്ചയ്ക്കിടെ രണ്ടാംതവണയാണ് പുലിയിറങ്ങിയതായി ഭീതിപടരുന്നത്.തിങ്കളാഴ്ച സ്കൂളിനു മുന്പില് പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടതായി കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ചൂണ്ടിക്കാട്ടുന്നു.
ആറുദിവസം മുമ്പും സ്കൂളിനു പിന്നില്‍ പുലിയെത്തിയതായി ഇവര്‍ പറയുന്നു. അതിനുശേഷം പൊന്മുടിയിലെ പ്രധാന പാതയില്‍നിന്നു കൂട്ടമായിട്ടാണ് അധ്യാപകരും കുട്ടികളും സ്കൂളിലേക്കു വരുന്നത്. രണ്ടു ദിവസത്തെ അവധിക്കുശേഷം തിങ്കളാഴ്ച സ്കൂളിലെത്തിയ കുട്ടികളും അധ്യാപകരുമാണ് പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടത്.
ഉടന്‍തന്നെ വിവരം വനപാലകരെ അറിയിച്ചു. കഴിഞ്ഞദിവസം രാവിലെ സ്കൂള്‍ തൂത്തുവാരാന്‍ എത്തിയ ജീവനക്കാരിയാണ് സ്കൂളിന്റെ പിന്‍ഭാഗത്ത് പുലിയെ കണ്ടിരുന്നതായി അറിയിച്ചത്. ഇവര്‍ ഓടി സ്കൂളിനകത്തു കയറി വാതിലടച്ച് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് വനപാലകരും പാലോട് എ.ഇ. ഓഫീസ് ജീവനക്കാരും ഉള്‍പ്പെടെ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തിയിരുന്നു.
വീണ്ടും തിങ്കളാഴ്ച രാവിലെ പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടതോടെ രക്ഷിതാക്കളും അധ്യാപകരും ആശങ്കയിലാണ്. ചക്കക്കാലം ആയതോടെ സ്കൂളിനു സമീപത്തുള്ള പ്ലാവുകളില്‍നിന്ന് ചക്ക തിന്നുന്നതിനായി കരടിയും കാട്ടാനയും ധാരാളം എത്തുന്നുണ്ട്.
ഇതിനിടയിലാണ് കഴിഞ്ഞ ദിവസം മുതല്‍ പുലിയെയും കണ്ടുതുടങ്ങിയത്. മൂന്നുമാസം മുന്‍പ് പൊന്മുടി കമ്പനിമൂടിനു സമീപം ആണ്‍പുലിയെ ഷോക്കേറ്റ് ചത്തനിലയില്‍ കണ്ടെത്തിയിരുന്നു.അടിയന്തരമായി പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് വനംവകുപ്പിനെ സമീപിച്ചിട്ടുണ്ട്.