തിരുവനന്തപുരം : പൗരത്വ നിയമഭേദഗതിക്ക് എതിരെ പ്രതിഷേധം നടത്തുന്നവർ ചർച്ചയ്ക്ക് തയ്യാറാകണമെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ആഹ്വാനം ഏറ്റെടുത്ത് അഭിഭാഷകൻ ഹരീഷ് വാസുദേവൻ. സംവാദത്തിന് തയ്യാറാണെന്നും രാജ്ഭവനിൽ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.’ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ ചില യോഗങ്ങളിൽ പറയുന്നു, CAA /NRC സംബന്ധിച്ച തുറന്ന ചർച്ചയ്ക്ക് അദ്ദേഹം തയ്യാറാണ് എന്ന്. എന്തുകൊണ്ട് അതാരും ഏറ്റെടുക്കുന്നില്ല എന്നു പലരും ചോദിക്കുന്നു. സ്വാഗതാർഹമായ കാര്യമല്ലേ?ഗവർണർ സാർ, ചർച്ചയ്ക്ക് ഞാൻ തയ്യാറാണ്. 2020ൽ ആവാം. സ്ഥലവും തീയതിയും സമയവും താങ്കൾ തന്നെ തീരുമാനിച്ചു കൊള്ളൂ. CAA എന്തുകൊണ്ട് അനീതിയാണ് എന്നു ഞാൻ പറയാം. അല്ലെന്ന് നിങ്ങളും പറയണം. കേൾക്കുന്ന ജനങ്ങൾക്ക് കാര്യങ്ങൾ വ്യക്തമാകട്ടെ.
അപ്പൊ സൗകര്യമായ സമയം അറിയിക്കുമല്ലോ.’ എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഇക്കാര്യം രാജ്ഭവനിലേക്ക് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്നും, ഗവർണർ തീരുമാനിക്കട്ടെയെന്നും ഹരീഷ് കൂട്ടിച്ചേർത്തു.ഇന്ത്യൻ ചരിത്ര കോൺഗ്രസ് കണ്ണൂർ സർവകലാശാലയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നതിനിടെയാണ് ഗവർണർക്കെതിരെ പ്ലക്കാർഡ് ഉയർത്തിയും മുദ്രാവാക്യം വിളിച്ചും ഹിസ്റ്ററി കോൺഗ്രസ് പ്രതിനിധികൾ പ്രതിഷേധിച്ചത്. മൂന്നിലൊന്നു പ്രതിനിധികളും പ്രതിഷേധ സ്വരമുയർത്തിയതോടെ ഉദ്ഘാടന പ്രസംഗം പൂർത്തിയാക്കാതെ ഗവർണർ മടങ്ങുകയായിരുന്നു.പൗരത്വഭേദഗതി വിഷയത്തിൽ രാജ്ഭവനിൽ പ്രതിഷേധിച്ചവരോടും കോഴിക്കോട് തനിക്കെതിരെ പ്രതിഷേധിച്ചവരോടും ചർച്ചയ്ക്കും സംവാദത്തിനും തയ്യാറാണെന്ന് അറിയിച്ചിരുന്നു. എന്നാൽ ഒരാൾ പോലും അതിനു തയ്യാറായില്ലെന്നും ഗവർണർ ഉദ്ഘാടന പ്രസംഗം ആരംഭിച്ചപ്പോൾ പറഞ്ഞിരുന്നു.
https://www.facebook.com/harish.vasudevan.18/posts/10157920561527640