പത്തനംതിട്ടയിൽ മദ്യപിച്ചെത്തി കടന്നുപിടിച്ചയാളെ യുവതി തലയ്ക്കടിച്ച് കൊന്നു
പത്തനംതിട്ട: മദ്യപിച്ചെത്തി കടന്നുപിടിച്ചയാളെ യുവതി തലയ്ക്കടിച്ച് കൊലപ്പെടുത്തി. കൊട്ടാരക്കര നെടുവത്തൂർ ആനക്കോട്ടൂർ കുളത്തുംകരോട്ട് വീട്ടിൽ ശശിധരൻപിള്ളയാണ് (50) കൊല്ലപ്പെട്ടത്. സംഭവത്തിൽ നെല്ലിമുരുപ്പ് സ്വദേശി രജനിയെ (43) പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം.
നാടുവിട്ട് വന്ന് ഒറ്റയ്ക്ക് താമസിക്കുന്ന ശശിധരൻപിള്ള ആറ് മാസം മുൻപാണ് രജനിയെ പരിചയപ്പെടുന്നത്. തുടർന്ന് ഇയാൾ ഇടയ്ക്കിടെ രജനിയുടെ വീട്ടിൽ വരുമായിരുന്നു. ഭർത്താവ് ഉപേക്ഷിച്ചുപോയ രജനി മകനൊപ്പമാണ് കഴിഞ്ഞിരുന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം വീട്ടിലെത്തിയ ശശിധരൻപിള്ള ഉറക്കത്തിലായിരുന്ന രജനിയെ കടന്നുപിടിച്ചു. തുടർന്ന് ഞെട്ടിയുണർന്ന രജനി കയ്യിൽക്കിട്ടിയ കമ്പിവടി ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു. ഉറക്കക്കുറവിന് മരുന്ന് കഴിക്കുന്നയാളാണ് രജനിയെന്ന് പൊലീസ് പറഞ്ഞു.
നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് എത്തി ശശിധരൻപിള്ളയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ രാത്രിയോടെ മരിക്കുകയായിരുന്നു. പിന്നാലെ രജനിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.