പ്രശസ്ത ടിവി താരം വാടക വീട്ടിൽ മരിച്ച നിലയിൽ
ഭുവനേശ്വർ : ഒഡീഷ ടെലിവിഷൻ താരം രശ്മിരേഖ ഓജയെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ജഗത്സിംഗ്പൂർ ജില്ലയിലെ നയപള്ളിയിലെ വീട്ടിലാണ് താരത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജൂൺ 18നാണ് 23 കാരിയായ നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
നടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പിതാവ് അറിയിച്ചു. രശ്മിയുടെ ഒപ്പം താമസിച്ചിരുന്ന സന്തോഷ് പത്രയ്ക്ക് മകളുടെ മരണത്തിൽ പങ്കുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മകളുടെ മരണവിവരം സന്തോഷ് പത്രയാണ് തങ്ങളെ അറിയിച്ചത്. ശനിയാഴ്ച മകളെ ഫോണിൽ വിളിച്ചിരുന്നെങ്കിലും ലഭിച്ചിരുന്നില്ല. സന്തോഷും രശ്മിയും ഭാര്യാഭർത്താക്കന്മാരായി ജീവിച്ചിരുന്നതായി വീട്ടുടമസ്ഥനിൽ നിന്നാണ് അറിഞ്ഞതെന്നും അതിന് മുൻപ് അതേക്കുറിച്ച് തങ്ങൾക്ക് വിവരമൊന്നും ഉണ്ടായിരുന്നില്ലെന്നും നടിയുടെ പിതാവ് പറഞ്ഞു.
രശ്മിരേഖ ഓജയുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. വീട്ടിൽ നിന്നും കണ്ടെത്തിയ കുറിപ്പിൽ നിന്നുമുള്ള വിവരങ്ങൾ ആത്മഹത്യയിലേക്കാണ് വിരൽ ചൂണ്ടുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ പ്രതികരിച്ചു.