രണ്ടു കാറിന് ഒരു നമ്പർ പ്ലേറ്റ്. കുടുങ്ങിയത് വിനോദ സഞ്ചാരിയായ സ്ത്രീയുടെ മുന്നിൽ
ബേക്കല്‍: കടലോരത്തെത്തിയ രണ്ട് കാറുകള്‍ക്ക് ഒരേ നമ്പര്‍ പ്ലേറ്റ് കണ്ടെത്തിയത് ദുരൂഹത പടര്‍ത്തി. വിനോദ സഞ്ചാരത്തിനെത്തിയ സ്ത്രീയാണ് സംഭവം കണ്ട് പൊലീസിനെ അറിയിച്ചത്. അന്വേഷണത്തില്‍ സംഭവത്തിന് പിന്നില്‍ കള്ളക്കളിയാണെന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
കെഎല്‍ 60 എസ് 5633 നമ്പര്‍ പ്ലേറ്റുള്ള രണ്ട് ആള്ടോ കാറുകളാണ് പള്ളിക്കര റെഡ്മൂൺ ബീച് പരിസരത്തില്‍ നിന്ന് ബേക്കല്‍ പൊലീസ് പിടിച്ചെടുത്തത്. അടുത്തടുത്ത് നിര്‍ത്തിയ കാറുകളുടെ നമ്പര്‍ ഒരേ പോലെ കണ്ട് സംശയം തോന്നിയ സ്ത്രീ പൊലീസില്‍ അറിയിക്കുകയായിരുന്നു. കാഞ്ഞങ്ങാട് സ്വദേശിയായ യുവാവാണ് കാറുകളുടെ ഉടമയെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
‘ഇയാളുടെ ഭാര്യാപിതാവിന്റെ പേരിലുള്ളതാണ് ഒറിജിനല്‍ നമ്പര്‍ പ്ലേറ്റിലുള്ള കാര്‍. കാഞ്ഞങ്ങാട് സ്വദേശി തന്റെ സ്വന്തം കാര്‍ സുഹൃത്തിന് ഓടിക്കാനായി നല്‍കിയിരുന്നു. സുഹൃത്ത് ഇത് പണയം വെച്ചതിനാല്‍ സുഹൃത്തിന്റ കാര്‍ ഇയാള്‍ ഓടിക്കാന്‍ വാങ്ങിയിരുന്നു. സുഹൃത്ത് കാര്‍ തിരിച്ചു വാങ്ങാതിരിക്കാന്‍ ഭാര്യാപിതാവിന്റെ അതേ നമ്പര്‍ പ്ലേറ്റ് സുഹൃത്ത് നല്കിയ കാറിനും ഘടിപ്പിക്കുകയായിരുന്നു. ഇതാണ് കുരുക്കായയത്. കള്ളക്കളി നടത്തിയ ഇയാള്‍ക്ക് സുഹൃത്തിനെ കബളിപ്പിക്കാാന് മാത്രം ഉദ്ദേശ്യമുണ്ടായിരുന്നുവെന്നും മറ്റു ദുരുദ്ദേശ്യങ്ങളൊന്നുമില്ലായിരുന്നെന്നുമാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്’, പൊലീസ് വ്യക്തമാക്കി. എന്തായാലും സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.