തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾ ആലോചിക്കാൻ ചേര്‍ന്ന സര്‍വകക്ഷിയോഗത്തിൽ നിന്ന് പ്രതിഷേധിച്ചിറങ്ങി ബിജെപി പ്രതിനിധികൾ. തിരുവനന്തപുരത്ത് മസ്കറ്റ് ഹോട്ടലിൽ ചേര്‍ന്ന സര്‍വകക്ഷിയോഗത്തിൽ നിന്നാണ് ബിജെപി നേതാക്കളായ പദ്മകുമാറും എംഎസ് കുമാറും പ്രതിഷേധിച്ചിറങ്ങിയത്. മുഖ്യമന്ത്രി പിണറായി വിജയന് ഇത്തരമൊരു യോഗം വിളിച്ച് ചേര്‍ക്കാൻ അധികാരമില്ലെന്ന് യോഗത്തിൽ നിന്ന് ഇറങ്ങിയ ശേഷം ബിജെപി പ്രതിനിധികൾ വിശദീകരിച്ചു.
മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷിയോഗത്തിൽ പങ്കെടുക്കുമെന്ന് നേരത്തെ ബിജെപി അറിയിച്ചിരുന്നു. അതനുസരിച്ചാണ് രാവിലെ ബിജെപി പ്രതിനിധികൾ സര്‍വകക്ഷിയോഗത്തിന് എത്തിയത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളുടെ ഭാഗമായി ഗവര്‍ണര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ പ്രമേയം പാസാക്കണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടെന്നും അത് അംഗീകരിക്കാത്ത സാഹചര്യത്തിൽ സര്‍വകക്ഷിയോഗം ബഹിഷ്കരിക്കുന്നു എന്നുമാണ് ബിജെപി പ്രതിനിധികൾ അറിയിച്ചത്.