രാത്രിയായി കഴിഞ്ഞാൽ കൊച്ചിയിലെ ഈ കെ എസ് ഇ ബി ഓഫീസിലേക്ക് ചില ഫോൺ കോളുകൾ വരും, ഇരിക്കപ്പൊറുതിയില്ലാതെ ജീവനക്കാർ
കൊച്ചി: രാത്രികാലത്ത് ജില്ലയിൽ എവിടെ വൈദ്യുതി മുടങ്ങിയാലും ഇടപ്പള്ളി സെക്ഷൻ ഓഫീസിലേക്ക് വിളിയെത്തും. ഇതെന്ത് മറിമായം എന്നറിയാതെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ. കഴിഞ്ഞ കുറേനാളുകളായി ഇതാണ് അവസ്ഥ. കാറ്റും മഴയുമുള്ള ദിവസങ്ങളിൽ സ്ഥിതി പറയുകയും വേണ്ട. ജില്ലയുടെ കിഴക്കൻ മേഖലയിൽ പ്രത്യേകിച്ച് റബർ തോട്ടങ്ങളിലൂടെ പോകുന്ന ലൈനുകളിൽ മരച്ചില്ലയൊക്കെ വീണ് വൈദ്യുതി വിതരണം തടസപ്പെടും. ഇത്തരം പ്രശ്നങ്ങൾ അറിയിക്കേണ്ടത് അതത് സെക്ഷൻ ഓഫീസുകളിലേക്കാണ്. എന്നാൽ ഗൂഗിളിൽ കെ.എസ്.ഇ.ബി കംപ്ലെയിന്റെന്ന് തിരയുന്നവർക്ക് കിട്ടുന്നത് ഇടപ്പള്ളി സെക്ഷൻ ഓഫീസിലെ നമ്പരാണ്. ഉടൻതന്നെ ഫോൺ എടുത്ത് വിളി തുടങ്ങും.
സ്വന്തം സെക്ഷനിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ പോലും ആവശ്യത്തിന് ജീവനക്കാരില്ലാതെ വിഷമിക്കുമ്പോഴാണ് ജില്ലയിലെ മുഴുവൻ പരാതികളും ഇവിടേക്ക് വരുന്നത്. കൊല്ലം ജില്ലയിൽ നിന്നുപോലും വിളി വന്നിട്ടുണ്ടെന്ന് ജീവനക്കാർ പറയുന്നു. ഇത് നിങ്ങളുടെ സെക്ഷൻ ഓഫീസ് അല്ലെന്ന് മറുപടി നൽകിയാൽ അടുത്ത ആവശ്യം ‘ഞങ്ങളുടെ സെക്ഷൻ ഓഫീസിലെ നമ്പർതരൂ’ എന്നാകും.
രാത്രിയിൽ ഇത്തരം റോംഗ് നമ്പർ കോളുകൾക്ക് മറുപടി പറയാൻ മാത്രം ഒരാൾ ഇരിക്കേണ്ട അവസ്ഥയാണ് ഇടപ്പള്ളിയിൽ. വെറുതെ മറുപടി പറഞ്ഞാൽ മാത്രം പോര, വൈദ്യുതി ബോർഡിന്റെ എല്ലാ ഓഫിസിലെയും ഫോൺ നമ്പരും അറിഞ്ഞിരിക്കണം. പരാതി പറയാൻ വിളിക്കുന്ന ഉപഭോക്താവിനോട് മാന്യമായി പ്രതികരിക്കണമെന്ന് നിർബന്ധമുള്ളതുകൊണ്ട് എത്ര പ്രകോപനമുണ്ടായാലും ക്ഷമയോടെ മറുപടി പറയാനാണ് ശ്രമിക്കുന്നത്. പക്ഷേ, ഓഫിസിലേക്ക് വിളിക്കുന്ന എല്ലാവരും അത്ര മര്യാദക്കാരായിരിക്കണമെന്നില്ല. കളമശേരി, തൃക്കാക്കര, എളമക്കര, ചെമ്പുമുക്ക്, അങ്കമാലി, കൊരട്ടി എന്നീ സ്ഥലങ്ങളിൽ നിന്നാണ് കൂടുതൽ വിളികൾ വരുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.