ഭർത്താവുമായി പിണങ്ങി കഴിയുന്ന സ്ത്രീയ്ക്ക് വിവാഹ വാഗ്ദ്ധാനം നൽകി, കൂടെ താമസിച്ച് പീഡനം; രണ്ട് കുട്ടികളുടെ പിതാവായ സി പി എം പഞ്ചായത്തംഗം അറസ്റ്റിൽ
കൊട്ടിയം: വിവാഹ വാഗ്ദാനം നൽകി ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ചതിന് പുറമേ പണവും സ്വർണവും തട്ടിയെടുത്തെന്ന യുവതിയുടെ പരാതിയിൽ ഒളിവിൽ കഴിയുകയായിരുന്ന സി.പി.എം പഞ്ചായത്ത് അംഗത്തെ കണ്ണനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. ആദിച്ചനല്ലൂർ പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ വടക്കേ മൈലക്കാട് ലക്ഷ്മിഭവനത്തിൽ രതീഷ് കുമാറാണ് (42) അറസ്റ്റിലായത്.
പോലീസ് പറയുന്നത്: രതീഷ് കുമാർ വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമാണ്. ഇയാളുടെ ഭാര്യ കഴിഞ്ഞ വർഷം കൊവിഡ് ബാധിച്ച് മരിച്ചു. ഇതിന് പിന്നാലെ ഭർത്താവുമായി പിണങ്ങി കഴിയുകയായിരുന്ന രണ്ട് മക്കളുള്ള യുവതിയുമായി അടുപ്പത്തിലായി. തുടർന്ന് വിവാഹത്തിനും ധാരണയായി. യുവതിയുടെ വീട്ടുകാരുമായി നല്ല ബന്ധം പുലർത്തിയ രതീഷ് കുമാർ പലപ്പോഴായി പണവും ആറ് പവനും കൈപ്പറ്റിയിരുന്നു.
രതീഷിനെ കുറിച്ച് മോശം അഭിപ്രായം കേട്ടതോടെ ബന്ധം തുടരേണ്ടെന്ന നിലപാട് യുവതിയുടെ അമ്മ സ്വീകരിച്ചു. ഇതറിഞ്ഞ പ്രതി കഴിഞ്ഞ മേയിൽ യുവതിയെയും കൂട്ടി വർക്കല, കന്യാകുമാരി എന്നിവിടങ്ങളിലേക്ക് പോയി. ഇതോടെ മകളെ കാണാനില്ലെന്ന് കാണിച്ച് യുവതിയുടെ അമ്മ കൊട്ടിയം പൊലീസിൽ പരാതി നൽകി.
ഏതാനും ദിവസത്തിന് ശേഷം മടങ്ങിയെത്തിയ ഇരുവരും മക്കൾക്കൊപ്പം ഒന്നിച്ച് താമസിച്ചുകൊള്ളാമെന്ന് കോടതിയെ ബോധിപ്പിച്ചു. പിന്നീട് ഇരുവരും കണ്ണനല്ലൂർ നെടുമ്പനയിൽ വാടക വീട്ടിൽ താമസം ആരംഭിച്ചു. ഇവിടെ വച്ച് രതീഷ് കുമാർ ശാരീരികമായി ഉപദ്രവിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പൊലീസിൽ പരാതി നൽകുമെന്ന് പറഞ്ഞതോടെ രതീഷ് കുമാർ ഒളിവിൽ പോയി. കഴിഞ്ഞ ആറിന് ശാരീരിക അവശതകളെ തുടർന്ന് യുവതി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം കമ്മിഷണർക്ക് നൽകിയ പരാതിയിലാണ് ഇപ്പോഴത്തെ അറസ്റ്റ്.