ദുബായിൽ നിന്ന് കസ്റ്റംസിന്റെ കണ്ണിൽപ്പെടാതെ സ്വർണവുമായി നാട്ടിലെത്തി; എത്തിയത് പൊലീസിന്റെ മുന്നിൽ
മലപ്പുറം: വിദേശത്ത് നിന്ന് കടത്തിയ ഒന്നര കിലോ സ്വർണവുമായി രണ്ട് പേർ പിടിയിൽ. അഴീക്കോട് ചെമ്മാത്ത്പറമ്പിൽ സബീൽ(44), വള്ളുമ്പറം തൊണ്ടിയിൽ നിഷാജ്(27) എന്നിവരാണ് പിടിയിലായത്. സബീലാണ് ദുബായിൽ നിന്ന് സ്വർണം കൊണ്ടുവന്നത്.
നെടുമ്പാശ്ശേരി വിമാനത്താവളം വഴി മലദ്വാരത്തിൽ ഒളിപ്പിച്ചാണ് സബീൽ സ്വർണം നാട്ടിലെത്തിച്ചത്. ശേഷം ഇയാളുടെ വീട്ടിലെത്തി നിഷാജ് സ്വർണം വാങ്ങി. മലപ്പുറത്തേക്ക് കൊണ്ടുപോകവേയാണ് ഇയാൾ പൊലീസിന്റെ പിടിയിലായത്.
ഗൂഗിൾ മാപ്പ് നോക്കിയായിരുന്നു നിഷാജ് യാത്ര ചെയ്തിരുന്നത്. വഴിതെറ്റി പൊലീസിന് മുന്നിലെത്തുകയായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ രണ്ടുമണിയോടെ അഴീക്കോട് ജെട്ടിയിൽ പൊലീസ് പരിശോധന നടത്തുന്നതിനിടെയാണ് യുവാവ് പിടിയിലായത്.
പശ ഉപയോഗിച്ച് സ്വർണത്തരികൾ പിടിപ്പിച്ച ട്രൗസറും ടീഷർട്ടുമാണ് കാറിലുണ്ടായിരുന്നത്. വസ്ത്രങ്ങളുടെ അസാധാരണ ഭാരത്തിൽ സംശയം തോന്നി പൊലീസ് വിശദമായി പരിശോധിക്കുകയായിരുന്നു. ഒരു തുണിയിൽ സ്വർണത്തരികൾ പശ ഉപയോഗിച്ച് ഒട്ടിച്ച ശേഷം അതിനുമീതെ അതേ തുണി ഉപയോഗിച്ച് ഒട്ടിക്കുകയായിരുന്നു. ഈ വസ്ത്രങ്ങൾ കത്തിച്ച് സ്വർണം വേർതിരിക്കുകയായിരുന്നു.