സുഹൃത്തിന്റേതെന്ന് കരുതി മറ്റൊരു ബൈക്കിന് തീയിട്ടു
ഏറ്റുമാനൂര്‍: സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന് ബൈക്കിന് തീ വെച്ചു. സുഹൃത്തിന്റെ ബൈക്കാണെന്നുകരുതി മറ്റൊരു ബൈക്കിനാണ് തീയിട്ടത്. ബൈക്ക് പൂര്‍ണമായും കത്തിനശിച്ചു.
അയര്‍ക്കുന്നം സ്വദേശി ബിജുമോന്റെ ബൈക്കാണ് കത്തിയത്. മാടപ്പാട് സ്വദേശിയായ വിഷ്ണുവാണ് ബൈക്കിന് തീയിട്ടത്.
വ്യാഴാഴ്ച രാത്രി 11-ന് ഏറ്റുമാനൂര്‍ മാടപ്പാട്ടായിരുന്നു സംഭവം. മാടപ്പാട് സ്വദേശിയായ അരുണും ഇയാളുടെ സുഹൃത്ത് കണ്ണനും വ്യാഴാഴ്ച രാത്രിയില്‍ മാടപ്പാട് ജങ്ഷന് സമീപത്തുള്ള കടയില്‍ സാധനം വാങ്ങാന്‍ എത്തിയതായിരുന്നു. ഈ സമയം അരുണിന്റെ മറ്റൊരു സുഹൃത്തായ വിഷ്ണു അവിടെയെത്തി. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.അരുണിനോട് വിഷ്ണു പണം കടംചോദിച്ചിരുന്നുവെന്നും ഇത് നല്‍കാത്തതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി, അടിപിടിയിലെത്തി.
ഇതോടെ വിഷ്ണു സമീപത്തെ വീട്ടില്‍നിന്നു തീപ്പെട്ടി വാങ്ങി സമീപത്തിരുന്ന ബൈക്ക് കത്തിക്കുകയായിരുന്നു. അരുണിന്റെ സുഹൃത്ത് കണ്ണന് ഈ ബൈക്ക് രണ്ട് ദിവസത്തേക്ക് എടുത്തുകൊണ്ടുവന്നതാണ്. അരുണിന്റെ ബൈക്കാണിതെന്ന് കരുതിയാണ് വിഷ്ണു അയര്‍ക്കുന്നം സ്വദേശിയുടെ ബൈക്ക് കത്തിച്ചത്. പോലീസ് കേസെടുത്തു.