തലസ്ഥാനത്ത് യൂത്ത്കോൺഗ്രസ് മാർച്ചിനിടെ വൻ സംഘർഷം; പൊലീസ് ലാത്തിചാർജ് നടത്തി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ടും വിമാനത്തിനുളളിലെ പ്രതിഷേധ സംഭവത്തിൽ ഇ.പി ജയരാജനെ പ്രതിചേർക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിനെ തുടർന്ന് വലിയ സംഘർഷം. പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റമുട്ടി. രണ്ട് പ്രവർത്തകർക്ക് പരിക്കേറ്റതായി യൂത്ത് കോൺഗ്രസ് നേതാക്കൾ അറിയിച്ചു. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിചാർജും ഗ്രനേഡും ജലപീരങ്കിയും പ്രയോഗിച്ചു. ഏകദേശം ഒന്നേകാൽ മണിക്കൂറോളം നേരം സെക്രട്ടറിയേറ്റ് പരിസരം സംഘർഷഭരിതമായിരുന്നു.march-aപൊലീസ് ലാത്തിചാർജിൽ പ്രതിഷേധിച്ച് പ്രവർത്തകർ ഏറെനേരം റോഡിൽ കുത്തിയിരുന്നതോടെ ഇതുവഴിയുളള ഗതാഗതവും തടസപ്പെട്ടു. മാർച്ചിൽ എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസിന് നേരെ കല്ലെറിഞ്ഞു. തുടർന്ന് സെക്രട്ടറിയേറ്റിലേക്ക് കുപ്പിയും എറിഞ്ഞു.തുടർന്നാണ് പ്രവർത്തകർക്ക് നേരെ പൊലീസ് കണ്ണീർവാതകവും ഗ്രനേഡും പ്രയോഗിച്ചത്. തുടർന്ന് യുദ്ധസമാനമായ സാഹചര്യമാണ് സെക്രട്ടറിയേറ്റിന് മുന്നിലുണ്ടായത്.march-bസംഘർഷം കൈവിടുന്ന ഘട്ടത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും യൂത്ത് കോൺഗ്രസ് നേതാക്കളും ഇടപെട്ട് സംഘർഷം അവസാനിപ്പിക്കുകയായിരുന്നു. യൂത്ത് കോൺഗ്രസ് നേതാക്കളായ ഷാഫി പറമ്പിൽ എംഎൽഎ, കെ.എസ് ശബരീനാഥൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തകരെ പിൻതിരിപ്പിച്ചത്. ഇരുപത്തഞ്ചിലേറെ ടിയർഗ്യാസ് ഷെല്ലുകൾ പൊലീസ് പ്രയോഗിച്ചതായാണ് കെ.എസ് ശബരീനാഥൻ ആരോപിച്ചത്. സർക്കാരിനെതിരെ പ്രതിഷേധം ഇനിയും തുടരുമെന്ന് ഷാഫി പറമ്പിൽ അറിയിച്ചു.