മദ്യപിച്ച് അഭിഭാഷകന്റെ ഡ്രൈവിങ്; നിര്‍ത്തിയത് ടയര്‍ പഞ്ചറായപ്പോള്‍
തൊടുപുഴ: മദ്യലഹരിയില്‍ അഭിഭാഷകന്റെ ഡ്രൈവിങ്. ആറ് വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ചു. വാഹനമോടിച്ച വാഴക്കുള്ളം സ്വദേശിയായ സൂര്യലാല്‍ പിടിയില്‍. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.വെള്ളിയാഴ്ച രാത്രി ഏഴോടെയാണ് കേസിനാപ്ദമായ സംഭവം.
വെങ്ങല്ലൂര്‍-കോലാനി ബൈപ്പാസ് റോഡില്‍ പെട്രോള്‍ പമ്പിന് സമീപത്തുവെച്ച് മദ്യലഹരിയില്‍ പാലാ ഭാഗത്തേക്ക് കാറില്‍ അമിത വേഗത്തിലെത്തിയ സൂര്യലാല്‍ മൂന്നാറിലേക്ക് പോകുകയായിരുന്ന വിനോദ സഞ്ചാരികളുടെ കാറിലാണ് ആദ്യമിടിച്ചത്. വാഹനം നിര്‍ത്താന്‍ തയാറാകാതിരുന്ന ഇയാള്‍ റോഡിലെ ഡിവൈഡര്‍ ഇടിച്ച് തെറിപ്പിച്ച ശേഷം മൂന്ന് കാറുകളിലും പിക്കപ്പ് വാനിലും ലോറിയിലും ഇടിച്ച ശേഷം കോലാനിക്ക് സമീപമുള്ള പാലത്തിലെത്തിയപ്പോള്‍ ടയര്‍ പഞ്ചറായി വാഹനം നില്‍ക്കുകയായിരുന്നു.
നാട്ടുകാര്‍ ഇയാളെ പിടികൂടി പോലീസിനെ വിളിച്ചറിയിച്ചു. തൊടുപുഴ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ഇയാളെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഇയാള്‍ ഓടിച്ച കാറിടിച്ച മുഴുവന്‍ വാഹനങ്ങള്‍ക്കും വലിയ രീതിയിലുള്ള കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അപകടകരമായ രീതിയില്‍ ബൈപ്പാസ് റോഡില്‍ വാഹനമോടിച്ച് അരമണിക്കൂറോളം ഇയാള്‍ പരിഭ്രാന്തി പടര്‍ത്തിയെന്ന് വ്യാപാര സ്ഥാപന ഉടമകള്‍ പറഞ്ഞു.