അവര്‍ ഇനിയും ഉപദ്രവിക്കാന്‍ വരുമെന്ന് പേടിയാ, ഭയം മാറാതെ പെണ്‍കുട്ടി; പ്രതികളെ പിടികൂടാതെ പോലീസ്
കൊച്ചി: മൂവാറ്റുപുഴയില്‍ മണ്ണ് മാഫിയ പെണ്‍കുട്ടിയെ ആക്രമിച്ച സംഭവത്തില്‍ ഇതുവരെ പ്രതികളെ പിടികൂടാതെ പോലീസ്. സംഭവം നടന്ന് മൂന്നുദിവസം പിന്നിട്ടിട്ടും പ്രതികള്‍ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. പോലീസ് പ്രതിയെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസും ബി.ജെ.പി.യും രംഗത്തെത്തി. മണ്ണ് മാഫിയയുടെ വളര്‍ച്ചയ്ക്ക് ഭരണകക്ഷി ഒത്താശ ചെയ്യുകയാണെന്നും ഇവര്‍ ആരോപിച്ചു. പ്രതികളെ പിടികൂടും വരെ സമരം തുടരുമെന്നും ഇരുകൂട്ടരും പ്രഖ്യാപിച്ചു.
മണ്ണ് മാഫിയയില്‍നിന്ന് പെണ്‍കുട്ടിക്ക് നേരിടേണ്ടിവന്നത് അതിക്രൂരമായ മര്‍ദനമെന്ന് മാത്യു കുഴല്നാടന് എം.എല്‍.എയും പ്രതികരിച്ചു. മണ്ണ് മാഫിയക്ക് രാഷ്ട്രീയ പിന്തുണയുണ്ടെന്നും പോലീസ് ഇതുവരെ നടപടി എടുക്കാത്തത് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. മാഫിയസംഘത്തിന്റെ വാഹനം പിടിച്ചെടുക്കാന്‍ പോലും പോലീസ് തയ്യാറായിട്ടില്ലെന്നും ജിയോളജി വകുപ്പ് ഇതുവരെ സ്ഥലം സന്ദര്‍ശിച്ചിട്ടില്ലെന്നും എം.എല്‍.എ. കുറ്റപ്പെടുത്തി.
അതേസമയം, വീട്ടില്‍ താമസിക്കാന്‍ പേടിയാണെന്നും മണ്ണ് മാഫിയ ഇനിയും ഉപദ്രവിക്കുമെന്ന ഭയമുണ്ടെന്നും മര്‍ദനമേറ്റ അക്ഷയ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു. ‘അന്ന് സുഖമില്ലാത്തതിനാല്‍ ഞാന്‍ കോളേജില്‍ പോയിരുന്നില്ല. അപ്പോളാണ് വീടിന്റെ പുറകുവശത്തുനിന്ന് മണ്ണെടുക്കുന്നത് കണ്ടത്. ആരുമില്ലാത്ത സമയത്ത് മണ്ണെടുക്കുന്നത് പോലീസിനോട് പറഞ്ഞുകൊടുക്കുമെന്ന് പറഞ്ഞ് ഞാന്‍ അതിന്റെ വീഡിയോ എടുത്തു. അപ്പോള്‍ കേറിപ്പോടി എന്ന് പറഞ്ഞ് അവര്‍ കൈകൊണ്ട് ആംഗ്യം കാണിച്ചു. തുടര്‍ന്ന് വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് വീഡിയോ എടുക്കാനായി താഴേക്ക് പോയി. അപ്പോളാണ് വീഡിയോ എടുത്താല്‍ വീട്ടില്‍ കയറി വെട്ടിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. എന്റെ മുടിക്കുത്തിന് പിടിച്ച് മണ്ണിലേക്ക് വലിച്ചെറിഞ്ഞു.അന്‍സാര്‍ എന്നയാളാണ് ആക്രമിച്ചത്.അയാളെ അന്വേഷിച്ചിട്ട് കിട്ടിയിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. ഇവിടെ താമസിക്കാന്‍ പേടിയാണ്. അവര്‍ ഇനിയും ഉപദ്രവിക്കാന്‍ വരും’- അക്ഷയ പറഞ്ഞു.
വീടിനോടുചേര്‍ന്ന് ആഴത്തില്‍ മണ്ണെടുക്കുന്നത് ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ച അക്ഷയ എന്ന പെണ്‍കുട്ടിയെ ആണ് മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. ചികിത്സയിലായിരുന്ന പെണ്‍കുട്ടി വെള്ളിയാഴ്ചയാണ് ആശുപത്രിവിട്ടത്. വരുംദിവസങ്ങളില്‍ കെ.എസ്.യു.വും സംഭവത്തില്‍ സമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.