മക്കളെയുമുപേക്ഷിച്ച് കാമുകനൊപ്പം വീടുവിട്ട ഭർതൃമതിയെയും കാമുകനെയും ജയിലിലടയ്ക്കാൻ കോടതി ഉത്തരവ് ഒളിച്ചോട്ടത്തെ നിയന്ത്രിക്കാൻ പോലീസ് ഉപയോഗിക്കുന്ന തുറുപ്പ് ചിറ്റ് ജെ ജെ ആക്ട് .
ചെറുവത്തൂർ: മക്കളെയുമുപേക്ഷിച്ച് കാമുകനൊപ്പം വീടുവിട്ട ഭർതൃമതിയേയും അവരെ ഒളിച്ചോടാൻ പ്രേരിപ്പിച്ച കാമുകനെയും കോടതി ജയിലിലടയ്ക്കാൻ ഉത്തരവിട്ടു. ഇരുവർക്കുമെതിരെ ജെ. ജെ. ആക്ടിലെ 75, 317 വകുപ്പുകൾ കൂടി ചുമത്തി. രണ്ട് മക്കളെ ഭർതൃഗൃഹത്തിൽ ഉപേക്ഷിച്ച് 4 വയസ്സുകാരനായ ഇളയമകനെയും കൂട്ടി കാമുകനൊപ്പം വീടുവിട്ട പടന്ന കാവുന്തലയിലെ ടി.കെ. ഫർസാന 32, അവരുടെ കാമുകൻ നീലേശ്വരം കോട്ടപ്പുറം റഹ്മാന മൻസിലിൽ അബ്ദുൾ റഹ്മാന്റെ മകൻ ടി.കെ. അബ്ദുൾ റൗഫ് 40 എന്നിവരെയാണ് ഹൊസ്ദുർഗ് കോടതി റിമാന്റ് ചെയ്ത് ജയിലിലടച്ചത്.
മെയ് 25 നാണ് ഫർസാന 4 വയസ്സുള്ള മകനെയും കൂട്ടി ചെറുവത്തൂരിലേക്കെന്ന വ്യാജേന വീട്ടിൽ നിന്നും പുറപ്പെട്ടത്. ഇവരെ കാണാനില്ലെന്ന് മാതാവ് ടി.കെ. ഖദീജ ചന്തേര പോലീസ്സിൽ പരാതിപ്പെട്ടിരുന്നു. ഈ പരാതിയിൽ റജിസ്റ്റർ ചെയ്ത കേസ്സിന്റെ അന്വേഷണത്തിനൊടുവിലാണ് ഫർസാനയെ കോയമ്പത്തൂരിലെ കാമുകന്റെ ഫ്ളാറ്റിൽ കണ്ടെത്തിയത്. പാറപ്പള്ളി സ്വദേശിയായ അബ്ദുൾ റൗഫ് നീലേശ്വരം കോട്ടപ്പുറത്താണ് താമസം. ഫർസാനയുമായി ഇദ്ദേഹത്തിന് നേരത്തെ പരിചയമുണ്ട്. ബന്ധുക്കളായ ഇരുവരും പ്രണയത്തിലായിരുന്നുവെങ്കിലും, വിവാഹം നടന്നില്ല.
കുവൈറ്റിൽ ജോലിയുള്ള അബ്ദുൾ റൗഫിന് ഭാര്യയും മക്കളുമുണ്ട്. മെയ് 25 ന് വീടുവിട്ട ഫർസാന അബ്ദുൾ റൗഫിനൊപ്പം കോയമ്പത്തൂരിലെ ഫ്ളാറ്റിൽ ഭാര്യാഭർത്താക്കന്മാരെപ്പോലെ ജീവിക്കുന്നതിനിടയിലാണ് പോലീസ് പിടിയിലായത്. ഫർസാനയുടെ 4 വയസ്സുള്ള മകനെ കോടതി ചെറുവത്തൂർ കാടങ്കോട് സ്വദേശിയായ പിതാവിനൊപ്പം വിട്ടയച്ചു.
ഫർസാനയെ ഒളിച്ചോടാൻ പ്രേരിപ്പിച്ചതിനാണ് അബ്ദുൾ റൗഫിനെ ജെ.ജെ. ആക്ടിലെ 317 വകുപ്പ് പ്രകാരം ജയിലിലടച്ചത്. മക്കളെയുപേക്ഷിച്ച് വീടുവിട്ടതിനാണ് ഫർസാനയെ ജെ.ജെ. ആക്ടിലെ 75 വകുപ്പ് പ്രകാരം ജയിലിലടച്ചത്. ഇരുവരും കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ റിമാന്റിലാണ്.