അഗ്നിപഥ് പദ്ധതി; പ്രതിഷേധങ്ങൾക്കിടെ സേനാമേധാവിമാരുടെ യോഗം വിളിച്ച് പ്രതിരോധമന്ത്രി
ന്യൂഡൽഹി: കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം നടന്നുകൊണ്ടിരിക്കെ, സേനാമേധാവിമാരുടെ യോഗം വിളിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. കരസേനാ മേധാവി മനോജ് പാണ്ഡേ, ചീഫ് ഓഫ് എയർ സ്റ്റാഫ് വി ആർ ചൗധരി, ചീഫ് അഡ്മിറൽ ആർ ഹരികുമാർ അടക്കമുള്ള ഉദ്യോഗസ്ഥരുടെ യോഗമാണ് വിളിച്ചിരിക്കുന്നത്.അഗ്നിപഥ് പദ്ധതിയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ ചർച്ച ചെയ്യാനാണ് യോഗം വിളിച്ചത്. പ്രതിഷേധം ഉയരുമ്പോഴും പദ്ധതി നടപ്പാക്കണമെന്ന തീരുമാനത്തിലുറച്ച് നിൽക്കുകയാണ് കേന്ദ്ര സർക്കാർ എന്നാണ് സൂചന.
ആരോഗ്യവും അച്ചടക്കവുമുള്ള യുവത്വത്തെ വാർത്തെടുക്കൽ, ഇവർക്ക് ഉന്നത ജീവിത നിലവാരം ഉറപ്പാക്കൽ തുടങ്ങി ബൃഹത് ലക്ഷ്യങ്ങളോടെ കേന്ദ്ര സർക്കാർ നടപ്പാക്കുന്ന നാലു വർഷ സേനാസർവീസിന് (അഗ്നിപഥ്) രണ്ട് ദിവസം മുൻപാണ് മന്ത്രിസഭ അംഗീകാരം നൽകിയത്. ഇതിനുപിന്നാലെയാണ് പ്രതിഷേധം ഉയർന്നത്. എട്ട് സംസ്ഥാനങ്ങളിലാണ് ഇതുവരെ വ്യാപക പ്രതിഷേധമുണ്ടായത്. ഒരാൾ കൊല്ലപ്പെട്ടു.