പൊളിക്കാൻ നിർദേശിച്ച കെട്ടിടത്തിന് നമ്പർ നൽകി; കോഴിക്കോട് നഗരസഭയിൽ നാല് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
കോഴിക്കോട്: പൊളിക്കാൻ നിർദ്ദേശിച്ചിരുന്ന അനധികൃതമായി നിർമ്മിച്ച കെട്ടിടത്തിന് ക്രമവൽക്കരിച്ച് നമ്പർ നൽകിയ സംഭവത്തിൽ നാല് കോർപറേഷൻ ജീവനക്കാർക്ക് സസ്പെൻഷൻ. കോഴിക്കോട് കോർപറേഷൻ ഓഫീസ് സൂപ്രണ്ട്, റവന്യൂ ഇൻസ്പെക്ടർ, ബേപ്പൂർ സോണൽ സൂപ്രണ്ട്, റവന്യു ഓഫീസർ എന്നിവർക്കെതിരെയാണ് നടപടി. ജീവനക്കാർ ഗുരുതരമായ ചട്ടലംഘനം നടത്തിയെന്ന് കോർപറേഷൻ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു.
നമ്പർ നൽകുന്നതിന് തദ്ദേശ സ്ഥാപനങ്ങൾക്ക് പ്രത്യേക സോഫ്റ്റ്വെയറുണ്ട്. ഇതിന് പ്രത്യേക യൂസർ ഐഡിയും പാസ്വേർഡും ഓരോ ഉദ്യോഗസ്ഥർക്കുമുണ്ട്. ഈ ഐഡികൾ കൊണ്ട് ഓഫീസിൽ നിന്നല്ലാതെ പുറമേ നിന്നും ലോഗിൻ ചെയ്താണ് നമ്പർ നൽകിയിരിക്കുന്നത്. മുൻപ് നിർദ്ദേശം പാലിക്കാതെ പണിത ഈ കെട്ടിടത്തിന് പൊളിക്കാൻ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ കെട്ടിടം പുതുക്കിപണിത ശേഷം വീണ്ടും ലൈസൻസിനായി അപേക്ഷിച്ചു. ഈ കെട്ടിടമുൾപ്പടെ പൊളിക്കാൻ നിർദ്ദേശിച്ച നാലോളം കെട്ടിടങ്ങൾക്കാണ് ഇപ്പോൾ ഇത്തരത്തിൽ ക്രമവിരുദ്ധമായി നമ്പർ നൽകിയിരിക്കുന്നത്. നമ്പർ ലഭിച്ചതോടെ ഇവർ നികുതിയുമടച്ചിരുന്നു. അന്വേഷണത്തിൽ കിട്ടിയ വിവരങ്ങൾ കോർപറേഷൻ അധികൃതർ സൈബർ പൊലീസിന് കൈമാറിയിട്ടുണ്ട്.