താമസ സ്ഥലത്ത് പണംവെച്ച് ചൂതാട്ടം; 18 പ്രവാസികള്‍ അറസ്റ്റില്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഒരു വീട് കേന്ദ്രീകരിച്ച് ചൂതാട്ടം നടത്തിയ പ്രവാസികളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സെക്യൂരിറ്റി റിലേഷന്‍സ് ആന്റ് മീഡിയ അറിയിച്ചു. ഹവല്ലി ഗവര്‍ണറേറ്റിലായിരുന്നു സംഭവം. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 18 പേരാണ് അറസ്റ്റിലായത്.
സാല്‍മിയയിലെ ഒരു വീട് കേന്ദ്രീകരിച്ച് പണം വെച്ചുള്ള ചൂതാട്ടം നടക്കുന്നതായി ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിനാണ് രഹസ്യ വിവരം ലഭിച്ചത്. തുടര്‍ന്ന് അന്വേഷണത്തിലൂടെ ഇതിന്റെ നിജസ്ഥിതി ഉറപ്പാക്കി. നിയമപരമായ അനുമതി വാങ്ങിയ ശേഷം ഇവിടെ റെയ്ഡ് നടത്തുകയായിരുന്നു. വീട്ടിലുള്ള ആരും രക്ഷപെടാതെ സുരക്ഷ ഉറപ്പാക്കിയ ശേഷമായിരുന്നു റെയ്ഡ്. 18 പ്രവാസികളെ ഇവിടെ നിന്ന് അറസ്റ്റ് ചെയ്തു. ചൂതാട്ടത്തിന് ഉപയോഗിച്ചിരുന്ന പണവും മറ്റ് സാധനങ്ങളും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. എന്നാല്‍ പിടിയിലായവര്‍ ഏത് രാജ്യക്കാരാണെന്നത് ഉള്‍പ്പെടെയുള്ള മറ്റ് വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.