വിമാനത്തിലെ പ്രതിഷേധം: മുഖ്യമന്ത്രിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷം മൊഴിയെടുക്കുമെന്ന് അന്വേഷണ സംഘം; ഇ പി ജയരാജനെ സാക്ഷിയാക്കും
കൊച്ചി: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച സംഭവത്തിൽ അന്വേഷണസംഘം പിണറായി വിജയന്റെ മൊഴിയെടുക്കാൻ ഒരുങ്ങുന്നു. നിലവിൽ മുഖ്യമന്ത്രിയുടെ ആരോഗ്യാവസ്ഥ മോശമായതിനാൽ ആരോഗ്യസ്ഥിതി വിലയിരുത്തിയതിന് ശേഷമാകും മൊഴിയെടുപ്പ്.മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്ന ഗൺമാൻ എസ് അനിൽകുമാറിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. വിമാനത്തിലെ യാത്രക്കാരൻ എന്ന നിലയിൽ ഇ പി ജയരാജനെ സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്താനും സാദ്ധ്യതയുണ്ട്.മുഖ്യമന്ത്രിയും ഇ പി ജയരാജനും വധശ്രമമെന്ന് മൊഴി നൽകിയാൽ അത് കേസിന് ശക്തിപകരും. പത്തിലേറെ സാക്ഷിമൊഴികളും കേസിന് അനുകൂലമായി ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്. അതേസമയം, 48 യാത്രക്കാരുള്ള വിമാനത്തിൽ നിന്നും പത്ത് പേരെ മാത്രം തിരഞ്ഞെടുത്തത് കേസിന് അനുകൂല മൊഴി നൽകാൻ വേണ്ടിയാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.ജൂൺ 12ന് കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള മുഖ്യമന്ത്രിയുടെ വിമാനയാത്രയ്ക്കിടയിലായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പ്രതിഷേധത്തെ തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ തലശ്ശേരി സ്വദേശി ഫർസീൻ മജീദ്, പട്ടന്നൂർ സ്വദേശി ആർ. കെ. നവീൻ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകളിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.