അഗ്നിപഥിനെതിരെ തിരുവനന്തപുരത്തും പ്രതിഷേധം, രാജ്ഭവനിലേയ്ക്ക് ഉദ്യോഗാർത്ഥികളുടെ മാർച്ച്
തിരുവനന്തപുരം: അഗ്നിപഥിനെച്ചൊല്ലിയുള്ള രാജ്യവ്യാപക പ്രതിഷേധം തുടർച്ചയായ നാലാം ദിവസവും തുടരുന്നു. തിരുവനന്തപുരത്തും ഉദ്യോഗാർത്ഥികൾ പ്രതിഷേധം സംഘടിപ്പിച്ചു.ഉദ്യോഗാർത്ഥികൾ രാജ്ഭവനിലേയ്ക്ക് മാർച്ച് നടത്തുകയാണ്. മുന്നൂറോളം ഉദ്യോഗാർത്ഥികളാണ് മാർച്ചിൽ പങ്കെടുക്കുന്നത്. എഴുത്ത് പരീക്ഷ വെെകുന്നു എന്നും പലവട്ടം മാറ്റിവച്ചതിലൂടെ പ്രായപരിധി കഴിഞ്ഞുവെന്നും പ്രതിഷേധക്കാർ ആരോപിക്കുന്നു.അതേസമയം, പ്രതിഷേധങ്ങൾക്കിടെ അഗ്നിപഥ് സേവനം പൂർത്തിയാക്കുന്നവർക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്ര പൊലീസ് സേനകളിൽ പത്ത് ശതമാനം സംവരണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ അസാം റൈഫിൾസിലും പത്ത് ശതമാനം സംവരണം നൽകും.നിയമനങ്ങളിൽ അഗ്നിവീർ അംഗങ്ങൾക്ക് പ്രായപരിധിയിൽ ഇളവ് നൽകുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. നിയമനങ്ങളിൽ ഉയർന്ന പ്രായപരിധിയിൽ മൂന്ന് വർഷത്തെ ഇളവാണ് നൽകുക. ആദ്യ ബാച്ചിന് പ്രായപരിധിയിൽ അഞ്ചുവർഷത്തെ ഇളവ് നൽകും.