നിര്‍മാണ സാമഗ്രികള്‍ക്കിടയില്‍ ഒളിപ്പിച്ച് ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു
ദോഹ: ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച നിരോധിത പുകയില ഉത്പന്നങ്ങള്‍ കസ്റ്റംസ് പിടികൂടി. ഹമദ് പോര്‍ട്ടില്‍ കെട്ടിട നിര്‍മാണ സാമഗ്രികള്‍ കൊണ്ടുവന്ന കണ്ടെയ്നറില്‍ ഒളിപ്പിച്ചാണ് 810 കിലോഗ്രാം പുകയില ഉത്പന്നങ്ങള്‍ കൊണ്ടുവന്നത്. ഖത്തര്‍ കസ്റ്റംസിന്റെ മാരിടൈം കസ്റ്റംസ് അഡ്മിനിസ്ട്രേഷന് വിഭാഗം നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്.
നിര്‍മാണ സാമഗ്രികള്‍ കൊണ്ടുവന്ന കണ്ടെയ്നറില്‍ വിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു പുകയില ഉത്പന്നങ്ങള്‍. രാജ്യത്തേക്ക് നിയമ വിരുദ്ധ സാധനങ്ങള്‍ കൊണ്ടുവരരുതെന്ന് നിരന്തരം മുന്നറിയിപ്പ് നല്‍കാറുള്ള വിവരം കസ്റ്റംസ് ഓര്‍മിപ്പിച്ചു. കള്ളക്കടത്ത് തടയുന്നതിന് നിരന്തരം പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥരും അത്യാധുനിക സംവിധാനങ്ങളും കസ്റ്റംസിനുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. കള്ളക്കടത്തുകാര്‍ ഉപയോഗിക്കുന്ന നൂതന മാര്‍ഗങ്ങള്‍ പോലും തിരിച്ചറിയാന്‍ സാധിക്കുമെന്നും ശരീര ഭാഷയില്‍ നിന്നുപോലും കള്ളക്കടത്തുകാരെ തിരിച്ചറിയാന്‍ സാധിക്കുമെന്നും കസ്റ്റംസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.