കണ്ണൂർ/ കോഴിക്കോട്:ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനും കേരളം സർക്കാരും തുറന്ന ഏറ്റുമുട്ടലിന് വഴിതുറക്കുമോ എന്ന ആശങ്കകൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ പടർന്നു. ദേശീയ ചരിത്ര കോൺഗ്രസിനിടെ കണ്ണൂരിൽ കേരള ഗവർണർക്കെതിരെ ഉയർന്ന പ്രതിഷേധത്തിന് കാരണം സുരക്ഷാ വീഴ്ചയാണെന്നും ഗവർണർക്ക് സുരക്ഷയൊരുക്കാൻ സംസ്ഥാന സർക്കാരിന് സാധിക്കുന്നില്ലെങ്കിൽ കേന്ദ്രസർക്കാരിന് ഇടപെടാൻ അറിയാമെന്നുംബി.ജെ.പി സെക്രട്ടറി എം.ടി.രമേശ് തുറന്നടിച്ചതോടെയാണ് സര്ക്കാര് ഗവർണറും ഏറ്റുമുട്ടലിന് വഴിയൊരുങ്ങുമെന്ന പ്രചാരണം പരന്നത് . ഗവർണ്ണർക്കെതിരായ പ്രതിഷേധം ആസൂത്രിതമാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രനും ആരോപിച്ചു.
“അതീവ സുരക്ഷയാണ് ഗവർണർക്ക് നൽകേണ്ടത്. ഗവർണർ കണ്ണൂരിലെത്തിയപ്പോൾ മുതൽ പ്രതിഷേധം ഉണ്ടായി. അദ്ദേഹത്തെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. ഗവർണർക്ക് സുരക്ഷയൊരുക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടു. രാഷ്ട്രപതി നിയമിച്ചതാണ് ഗവർണറെ. അദ്ദേഹത്തിന് സുരക്ഷയൊരുക്കാൻ സംസ്ഥാന സർക്കാരിന് സാധിക്കുന്നില്ലെങ്കിൽ, സുരക്ഷയൊരുക്കാൻ കേന്ദ്രം ഇടപെടും. അത്തരമൊരു സാഹചര്യത്തിലേക്ക് പോകണമെന്ന് ഞങ്ങൾക്ക് ആഗ്രഹമില്ല,” എംടി രമേശ് പറഞ്ഞു.
“കേന്ദ്ര സർക്കാരിന്റെ പ്രതിനിധിക്ക് കേരളത്തിൽ നിർബാധം സഞ്ചരിക്കാനുള്ള സാഹചര്യം സർക്കാർ ഒരുക്കുന്നില്ലെങ്കിൽ, സ്വാഭാവികമായിട്ടും കേന്ദ്രം അതിനെക്കുറിച്ച് ആലോചിക്കേണ്ടി വരും. കണ്ണൂരിൽ ഗവർണറെ കൈയ്യേറ്റം ചെയ്യാൻ ശ്രമം നടന്നു. കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചവരെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞത് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെവി സുമേഷും രാജ്യസഭാംഗം കെകെ രാഗേഷുമാണ്. ചുരുക്കത്തിൽ സർക്കാർ സ്പോൺസേർഡ് സമരമാണ് കണ്ണൂരിൽ നടന്നത്.”
“സിപിഎമ്മിന്റെ രാഷ്ട്രീയ പകപോക്കലിന്റെ ഇരയായി ഗവർണറെ മാറ്റാനുള്ള ശ്രമം അങ്ങേയറ്റം അപലപനീയമാണ്. അത് അനുവദിക്കാനാവില്ല. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പ്രതികരിക്കണം. സുരക്ഷാ വീഴ്ചയിൽ പൊലീസുകാർക്കെതിരെ നടപടി വേണം. അറസ്റ്റ് തടഞ്ഞ ജനപ്രതിനിധികൾ അടക്കമുള്ളവർക്കെതിരെ നടപടിയുണ്ടാകണം.”