പോലീസ് ചമഞ്ഞ് ബൈക്ക് തടഞ്ഞുനിര്‍ത്തി; പെറ്റിയടിക്കാന്‍ ശ്രമം
തൃശൂര്‍: തൃശൂര്‍ മാളയില്‍ പോലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ ആള് പിടിയിലായി. പുത്തന്‍ചിറ സ്വദേശി വാഴയ്ക്കാമടം സുല്‍ത്താന്‍ കരീമാണ് അറസ്റ്റിലായത്. വ്യാഴാഴ്ച വൈകീട്ടാണ് ഇയാള്‍ പോലീസ് ചമഞ്ഞെത്തി യുവാക്കളില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ചത്.
സഞ്ജയ് രവീന്ദ്രന് എന്ന യുവാവും രണ്ട് സുഹൃത്തുക്കളും ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു. ഇതിനിടെ കാറില്‍ എത്തിയ സുല്‍ത്താന്‍ കരീം ഇവരോട് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എസ്ഐ ആണെന്ന് പരിചയപ്പെടുത്തിയ സുല്‍ത്താന്‍ കരീം ബൈക്കില്‍ മൂന്ന് പേര് സഞ്ചരിച്ചതിന് പെറ്റിയടിക്കാന്‍ ആവശ്യപ്പെട്ടു. മാള സ്റ്റേഷന് സമീപത്തുള്ള യഹുദ ശ്മാശനത്തിന് മുമ്പില്‍ വെച്ചായിരുന്നു ഈ സംഭവം.
സുല്‍ത്താന്‍ കരീമിന്റെ നടപടിയില്‍ സംശയം തോന്നിയ യുവാക്കള്‍ പോലീസിനെ വിവരം അറിയിച്ചു. പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചതോടെ സുല്‍ത്താന്‍ കരീം അവിടെ നിന്ന് രക്ഷപ്പെട്ടു.
തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ ഇന്ന് പിടികൂടിയത്.