സ്വിഫ്റ്റ് ബസിടിച്ച് മറിഞ്ഞ പിക്ക് അപ്പ് വാനിന്റെ ഡ്രൈവര്‍ മരിച്ചു
അരൂര്‍: നാലുവരി ദേശീയപാതയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ കെ.എസ്.ആര്.ടി.സി. സ്വിഫ്റ്റ് ബസിടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ പിക്ക് അപ്പ് വാനിന്റെ ഡ്രൈവര്‍ മരിച്ചു. തൃശ്ശൂര്‍ എരനെല്ലൂര്‍ പുതുവീട്ടില്‍ അബ്ദു ജബ്ബാറിന്റെ മകന് സിറാജുദ്ദീനാ (24) ണ് മരിച്ചത്.
അരൂര്‍ അമ്പലം കവലയ്ക്ക് സമീപമായിരുന്നു അപകടം. ഈ അപകടത്തിനു പിന്നാലെ ബസിനു പിന്നില്‍ ഒരു കാര്‍ ഇടിച്ചെങ്കിലും ആര്‍ക്കും ഗുരുതരമായ പരിക്കില്ല. ബസിടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട പിക്ക് അപ്പ് വാന്‍ മീഡിയനിലെ വൈദ്യുത പോസ്റ്റ് തകര്‍ത്ത ശേഷം റോഡരികിലെ മണ്‍കൂനയിലേക്ക് കയറി മറിയുകയായിരുന്നു.
അരൂര്‍ അഗ്നിരക്ഷാ നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ ടി. പ്രതാപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാ പ്രവര്‍ത്തനത്തിനെത്തിയത്. ഏറെ പണിപ്പെട്ടാണ് സിറാജുദ്ദീനെ പുറത്തെത്തിച്ചത്. തുറവൂര്‍ താലൂക്കാശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യാശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരങ്ങള്‍: മുഹമ്മദ് ജംഷീര്‍, അന്‍സാര്‍.