പൊളിക്കൽ നടപടിക്ക് സ്റ്റേ ഇല്ല, നോട്ടീസ് നൽകാതെ കെട്ടിടങ്ങൾ പൊളിക്കരുതെന്ന് യു പി സർക്കാരിനോട് സുപ്രീംകോടതി
ന്യൂഡൽഹി: ഉത്തർപ്രദേശ് സർക്കാരിന്റെ പൊളിക്കൽ നടപടിക്കെതിരെ സുപ്രീംകോടതി. വീട് പൊളിക്കപ്പെട്ടവർ എന്തുകൊണ്ട് കോടതിയെ സമീപിക്കുന്നില്ലെന്നും വീട് പൊളിക്കുന്നതിന് മുന്നേ ഉള്ള നടപടി ക്രമങ്ങൾ പാലിച്ചിരുന്നോ എന്നും ചോദിച്ച കോടതി പൊളിക്കലുകൾക്ക് സ്റ്റേ നൽകാനാകില്ലെന്നും നോട്ടീസ് നൽകാതെ കെട്ടിടങ്ങൾ പൊളിക്കാൻ പാടില്ലെന്നും വ്യക്തമാക്കി. ഉത്തർപ്രദേശ് സർക്കാരിന് നോട്ടീസ് നൽകാനും തീരുമാനിച്ചു. അടുത്ത ചൊവ്വാഴ്ച വീണ്ടും വാദം കേൾക്കും.
മുസ്ലീം സംഘടനയായ ജാമിയത്ത് ഉലമ ഹിന്ദ് നൽകിയ ഹർജി പരിഗണിക്കവേയായിരുന്നു കോടതിയുടെ വിമർശനം. പൊളിക്കല്‍ നടപടികളില്‍ നിയമം പാലിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നും നിയമലംഘനം നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി നൽകിയിരിക്കുന്നത്. ഒരു മതത്തെ ലക്ഷ്യമാക്കിയുള്ള നടപടിയാണ് ഇതെന്നാണ് ഹർജിക്കാരുടെ വാദം.
നിമയവിരുദ്ധമെന്ന് കരുതുന്ന കെട്ടിടങ്ങൾ അടുത്തിടെ യുപി സർക്കാർ പൊളിച്ചു നീക്കിയിരുന്നു. വെൽഫയർ പാർട്ടി നേതാവായ ജാവേദ് മുഹമ്മദിന്റെ വീടും പൊളിച്ച കെട്ടിടങ്ങളിൽ പെടുന്നു. ഞായറാഴ്ച പൊളിച്ച വീടിന്റെ നോട്ടീസ് ശനിയാഴ്ച രാത്രിയാണ് കിട്ടിയതെന്നും കെട്ടിടം ഭാര്യയുടെ പേരിലാണെന്നുമാണ് അദ്ദേഹത്തിന്റെ അഭിഭാഷകൻ വാദിച്ചു.
അതേസമയം, യുപിയിലെ ബുള്‍ഡോസര്‍ നടപടിക്കെതിരെ സുപ്രീം കോടതി ഇടപെടേണ്ട സമയം അതിക്രമിച്ചുവെന്ന് വ്യക്തമാക്കി മുന്‍ജഡ്ജിമാര്‍ കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു. മുസ്ലീം പൗരന്മാര്ക്ക് നേരെയുള്ള അതിക്രമമെന്നാണ് സംഭവത്തെ അവര്‍ വിശേഷിപ്പിച്ചത്.