മലപ്പുറത്ത് വൻ കുഴൽപ്പണ വേട്ട, നോട്ടുകൾ ഒളിപ്പിച്ചത് കാറിൽ അതിവിദഗ്ദ്ധമായി നിർമ്മിച്ച രഹസ്യ അറയിൽ
മലപ്പുറം: കാറിലെ രഹസ്യ അറയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരുകോടി രൂപയുടെ കുഴൽപ്പണവുമായി രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു. ആലപ്പുഴ ഹരിപ്പാട് സ്വദേശികളായ ബാസിത്(24) മഹേഷ്(29) എന്നിവരാണ് 1.15 കോടി രൂപയുടെ കുഴല്‍പ്പണവുമായി പിടിയിലായത്. ഇവർ സഞ്ചരിച്ച കാറും പൊലീസ് പിടിച്ചെടുത്തു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മേലാറ്റൂര്‍ കാഞ്ഞിരംപാറയിൽ വച്ചായിരുന്നു വാഹന പരിശോധന. ആദ്യം ഒന്നും കണ്ടെത്താനായില്ലെങ്കിലും വിശദമായി പരിശോധിച്ചതോടെ കാറിന്റെ പ്ലാറ്റ്ഫോമിലെ രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിൽ നോട്ടുകെട്ടുകൾ കണ്ടെത്തുകയായിരുന്നു. എളുപ്പത്തിൽ ആരുടെയും ശ്രദ്ധയിൽപ്പെടാത്ത വിധമാണ് അറ നിർമ്മിച്ചിരുന്നത്.ആർക്കുവേണ്ടിയാണ് പ്രതികൾ കുഴൽപ്പണം കടത്തിയതെന്ന് വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.