കാട്ടുപന്നിക്ക് വച്ച തോക്കുകെണിയിൽ നിന്നും വെടിയേറ്റു; ചികിത്സയിലായിരുന്ന സി പി ഐ നേതാവ് മരിച്ചു
കാസർകോട്: കാട്ടുപന്നിയെ പിടിക്കാൻ സ്ഥാപിച്ച തോക്കുകെണിയിൽ നിന്നും വെടിയേറ്റ് ചികിത്സയിലായിരുന്ന സി പി ഐ നേതാവ് മരിച്ചു. കരിച്ചേരി വെള്ളാക്കോട് കോളിക്കല്ലിലെ എം മാധവൻ നമ്പ്യാരാണ് (65) മരിച്ചത്. കാട്ടുപന്നിയെ പിടിക്കാനായി സമീപവാസിയായിരുന്നു തോക്കുകെണി സ്ഥാപിച്ചത്. ഇതറിയാതെ പറമ്പിൽ ചക്കയിടാൻ പോയപ്പോഴായിരുന്നു മാധവൻ അപകടത്തിൽ പെട്ടത് .ഇക്കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം നടന്നത്. തോക്കിന്റെ കാഞ്ചിയിൽ കെട്ടിയിരുന്ന ചരടിൽ കാൽ തട്ടിയപ്പോഴാകണം വെടിയേറ്റതെന്നാണ് പൊലീസ് നിഗമനം. കാൽമുട്ടിൽ തോക്കിലെ പെല്ലറ്റ് കുടുങ്ങിയിരുന്നതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു.അപകടം നടന്ന ശേഷം മാധവൻ തന്നെയാണ് ഭാര്യയെ ഫോണിൽ വിളിച്ച് കാര്യം പറഞ്ഞത്. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ, ആരോഗ്യസ്ഥിതി മോശമായതോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് പിന്നീട് മാറ്റി. ഇന്ന് രാവിലെയാണ് മരിച്ചത്.ഒരാഴ്ച മുമ്പ് സമീപവാസി പറമ്പിൽ തോക്കു കെണി സ്ഥാപിച്ചിട്ടുണ്ടെന്ന് അറിഞ്ഞതിനെ തുടർന്ന് അത് നീക്കണമെന്ന് മാധവൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നതായി ആശുപത്രിയിൽ വച്ച് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നുണ്ട്. സംഭത്തിൽ ബേക്കൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.