കാസര്‍കോട്: കാസര്‍കോട്ടുകാരെ ഒപ്പം ചേര്‍ത്തു നിര്‍ത്താന്‍ ;ഒപ്പരം പുതുവര്‍ഷാഘോഷം ഇത്തവണയും. സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കയ്യടി നേടിയ ഒപ്പനയും തിരുവാതിരയും മാര്‍ഗംകളിയും നാടകവും ഒപ്പം, നാടന്‍പാട്ടും കങ്കില നൃത്തവും ഫോക് ക്ലാസിക്കല്‍ ഫ്യൂഷനും മോണോ ആക്ടും പുരുഷന്മാരുടെ ഒപ്പനയും ചവിട്ടുനാടകവും അരങ്ങേറും. റീഥം ബീറ്റ്സ് കാലിക്കറ്റ് അവതരിപ്പിക്കുന്ന മ്യൂസിക് ബാന്റ് പുതുവര്‍ഷാഘോഷത്തിന് കൊഴുപ്പേകും. കണ്ണൂര്‍ ജില്ലാ കലക്ടര്‍ ടി.വി. സുഭാഷ് അവതരിപ്പിക്കുന്ന ഗസലാണ് ശ്രദ്ധേയമായ മറ്റൊരിനം.
31 ന് വൈകിട്ട് 6.30 ന് പുലിക്കുന്നിലെ സന്ധ്യാരാഗം ഓഡിറ്റോറിയത്തില്‍ ജില്ലാ ഭരണകൂടവും കാസര്‍കോട് തിയേറ്ററിക്സ് സൊസൈറ്റിയും സംയുക്തമായാണ് രണ്ടാമത് ഒപ്പരം പുതുവര്‍ഷാഘോഷം ഒരുക്കുന്നത്. അര്‍ധരാത്രി 12 മണിക്ക് വെറുപ്പിന്റെ പ്രതീകമായ മിസ്റ്റര്‍ ഹേട്രഡിന് ജില്ലാ കലക്ടര്‍ ഡോ.ഡി. സജിത് ബാബു തീകൊളുത്തുന്നതോടെ ആഘോഷ പരിപാടി സമാപിക്കും. എം.എല്‍.എ.മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, നഗരസഭാ-ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ സംബന്ധിക്കും. പുതുവര്‍ഷാഘോഷത്തിന്റെ മുന്നോടിയായി 30ന് വൈകിട്ട് 4 മണിക്ക് പുതിയ ബസ്സ്റ്റാന്റില് നിന്ന് പുലിക്കുന്നിലേക്ക് വിളംബര ഘോഷയാത്ര നടക്കും. ഫ്ളാഷ്മോബ്, ട്രഷര്‍ ഹണ്ട്, കോര്‍ണര്‍ മ്യൂസിക് തുടങ്ങിയ പരിപാടികളും ഉണ്ടാവും.