ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്ത ഗോതമ്പ് വീണ്ടും കയറ്റുമതി ചെയ്യുന്നത് വിലക്കി യുഎഇ
അബുദാബി: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് കൊണ്ടുവരുന്ന ഗോതമ്പ് വീണ്ടും കയറ്റുമതി ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തി യുഎഇ ധനകാര്യ മന്ത്രാലയം. മേയ് 13 മുതല്‍ നാല് മാസത്തേക്കാണ് വിലക്ക്. ഫ്രീ സോണുകളില്‍ ഉള്‍പ്പെടെ നിയന്ത്രണം ബാധകമാണ്. അതേസമയം മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഗോതമ്പ് പ്രത്യേക അനുമതി വാങ്ങി കയറ്റുമതി ചെയ്യാം.
ഇന്ത്യയില്‍ നിന്നുള്ള എല്ലാത്തരം ഗോതമ്പ് ഉത്പന്നങ്ങള്‍ക്കും വിലക്ക് ബാധകമാണെന്ന് അറിയിച്ചിട്ടുണ്ട്. ഗോതമ്പ് ലഭ്യതയില്‍ കുറവുണ്ടാവാന്‍ കാരണമായ അന്താരാഷ്ട്ര സാഹചര്യങ്ങള്‍ പരിഗണിച്ചും ഇന്ത്യയുമായി യുഎഇക്ക് ഉള്ള ശക്തവും തന്ത്രപ്രധാനവുമായി വാണിജ്യ ബന്ധത്തെ വിലമതിച്ചുകൊണ്ടുമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് യുഎഇ ധനകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യ നേരത്തെ പ്രഖ്യാപിച്ച ഗോതമ്പ് കയറ്റുമതി വിലക്കില്‍ ഇളവ് അനുവദിച്ചുകൊണ്ട്, യുഎഇയുടെ ആഭ്യന്തര ഉപയോഗത്തിനായി ഇന്ത്യയില്‍ നിന്ന് ഗോതമ്പ് കയറ്റുമതി ചെയ്യാനുള്ള ഇന്ത്യന്‍ സര്‍ക്കാറിന്റെ അനുമതിയും കൂടി പരിഗണിച്ചാണ് ഇത്തരമൊരു നിയന്ത്രണം കൊണ്ടുവരുന്നതെന്നും അറിയിച്ചിട്ടുണ്ട്.