അക്രമം അവസാനിപ്പിച്ചില്ലെങ്കിൽ പ്രത്യാഘാതം ഗുരുതരമാകും; സിപിഎം അന്തസില്ലാത്ത പാർട്ടിയെന്ന് കെ സുധാകരൻ
തിരുവനന്തപുരം: എൽഡിഎഫിന് ജനം തിരിച്ചടി നൽകുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച ഉമ തോമസിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതിനിടെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം’എന്തുവന്നാലും ആരെതിർത്താലും കെ റെയിൽ നടപ്പിലാക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രിക്ക് സ്വയം പിൻവാങ്ങേണ്ടി വന്നു. അതിന് തൃക്കാക്കര തിരഞ്ഞെടുപ്പിന്റെ റിസൾട്ടും കേരളത്തിലുടനീളമുള്ള ജനങ്ങളുടെ പ്രതികരണവുമാണ് കാരണമായത്. ഇതുപോലെ കേരളത്തിൽ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന അക്രമരാഷ്ട്രീയത്തിൽ നിന്നും പിണറായിക്ക് പിൻമാറേണ്ടിവരും. ഏറെ മുന്നോട്ട് പോകാനൊന്നും കേരളത്തിലെ ജനങ്ങൾ അദ്ദേഹത്തെ സമ്മതിക്കില്ല. രാഷ്ട്രീയ രംഗത്തെ അദ്ദേഹത്തിന്റെ പതനത്തിന് സമയമായി എന്നാണ് കേരളത്തിലെ സാഹചര്യം വ്യക്തമാക്കുന്നത്. വാ തുറന്നാൽ നുണ മാത്രം പറയുന്ന നേതാവാണ് ഇ പി ജയരാജൻ. കേരളത്തിലെ സിപിഎം അണികളോട് ചോദിക്കുകയാണ് നിങ്ങൾക്ക് അന്തസുള്ള നേതാവിനെ വേണ്ടേ? പാർട്ടി എങ്ങോട്ടാണ് പോകുന്നതെന്ന് അണികൾ പരിശോധന നടത്തണം.’- കെ സുധാകരൻ പറഞ്ഞു.നിങ്ങൾ കോൺഗ്രസിന്റെ എത്രയോ പാർട്ടി ഓഫീസുകൾ നശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകരോട് പറഞ്ഞാലും അവർ കേൾക്കും പക്ഷെ ഞങ്ങൾ അങ്ങനെ പറയില്ല. ഞങ്ങളുടെ പാർട്ടി അക്രമം പ്രോത്സാഹിപ്പിക്കില്ല. അന്തസുള്ളതുകൊണ്ടാണ് ഞങ്ങളങ്ങനെ ചെയ്യാത്തത്. സിപിഎമ്മിന് അങ്ങനെ അവകാശപ്പെടാൻ ഒരു അന്തസും ഇല്ല. അക്രമം അവസാനിപ്പിച്ചില്ലെങ്കിൽ പ്രത്യാഘാതം ഗുരുതരമാകും. വിമാനത്തിൽ നടന്ന സംഭവം പാർട്ടിയുടെ അറിവോടെയല്ല. വിമാനത്തിനുള്ളില്‍ വച്ച് പ്രതിഷേധിച്ചവരെ മര്‍ദിച്ചത് ഇ പി ജയരാജനാണ്. അദ്ദേഹത്തിനെതിരെയാണ് കേസെടുക്കേണ്ടത്. ഓരോ തവണയും കാര്യങ്ങള്‍ മാറ്റിപ്പറയുകയാണ് അദ്ദേഹം ചെയ്യുന്നത്. ‘- കെ സുധാകരൻ കൂട്ടിച്ചേർത്തു.