മത പ്രഭാഷണം വർഗീയ വിദ്വേഷം ഉണ്ടാകുന്ന തരത്തിലാകരുത്; മുസ്ലീം പള്ളിക്ക് പൊലീസ് അയച്ച നോട്ടീസ് വിവാദത്തിൽ
കണ്ണൂർ: പ്രവാചക നിന്ദയുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ പൊലീസ് മുസ്ലീം പള്ളിക്ക് നൽകിയ നോട്ടീസ് വിവാദത്തിൽ. മത പ്രഭാഷണം വർഗീയ വിദ്വേഷം ഉണ്ടാകുന്ന തരത്തിലാകരുതെന്ന് നിർദേശിച്ചുകൊണ്ട് കണ്ണൂർ മയ്യിൽ പൊലീസാണ് പള്ളിക്ക് നോട്ടീസ് നൽകിയത്.’പ്രവാചനക നിന്ദ നടന്നതായി പറയുന്ന സംഭവത്തോടനുബന്ധിച്ച് രാജ്യത്ത് നിലനിൽക്കുന്ന പ്രത്യേക സാഹചര്യത്തിൽ താങ്കളുടെ കമ്മിറ്റിയുടെ കീഴിലുള്ള പള്ളികളിൽ വെള്ളിയാഴ്ച ജുമാ നിസ്കാരത്തിനുശേഷം നടത്തിവരുന്നതായ മത പ്രഭാഷണത്തിൽ നിലവിലുള്ള സാമുദായിക സൗഹാർദ്ദം തകർക്കുന്നതോ, വർഗീയ വിദ്വേഷം ഉണ്ടാക്കുന്ന രീതിയിലോ ഉള്ളതായ പ്രഭാഷണങ്ങൾ നടത്താൻ പാടില്ലാത്തതാണ്. അങ്ങനെ സംഭവിച്ചതായി വിവരം ലഭിക്കുന്നപക്ഷം ബന്ധപ്പെട്ട വ്യക്തികളുടെ പേരിൽ ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്ന് ഇതിനാൽ അറിയിക്കുന്നു.’- എന്നാണ് നോട്ടീസിലുള്ളത്.notice
അതേസമയം, തനിക്ക് തെറ്റുപറ്റിയെന്ന് എസ് എച്ച് ഒ പ്രതികരിച്ചു. പ്രശ്നങ്ങളൊന്നുമില്ലാതെ നോക്കണമെന്ന് മഹല്ല് കമ്മിറ്റികൾക്ക് വാക്കാൽ നിർദേശം നൽകാൻ കമ്മീഷണർ അറിയിച്ചിരുന്നു. നോട്ടീസ് നൽകിയത് ശരിയായില്ലെന്ന് മനസിലായതായി അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ എസ് എച്ച് ഒയോട് വിശദീകരണം തേടിയിട്ടുണ്ടെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.