അല്ലെങ്കിൽ അവർ മൂവരേയും ഐസിസിന് വിറ്റേനെ! സൗജന്യവിസ കെണിയിൽ വീണ് കുവൈത്തിൽ എത്തിയ മൂന്ന് മലയാളി വീട്ടമ്മമാർ അനുഭവിച്ചത് കൊടിയ പീഡനം
കൊച്ചി: ‘പുലർച്ചെ മുതൽ രാത്രിവരെ വീട്ടുപണി. ഭക്ഷണം ഒരുനേരംമാത്രം. അതും കുബൂസും അച്ചാറും. കൊടിയ മർദ്ദനമായിരുന്നു. ഇത് സഹിക്കവയ്യാതായപ്പോൾ വീട്ടിലേക്ക് മടങ്ങണമെന്ന് കരഞ്ഞുപറഞ്ഞപ്പോൾ ഏജന്റ് കുടുസുമുറിയിൽ പൂട്ടിയിട്ടു. ജനൽപൊളിച്ച് മൊബൈൽഫോൺ പുറത്തുകടത്തി ലൊക്കേഷൻ മലയാളി അസോസിയേഷൻ അംഗങ്ങൾക്ക് കൈമാറാൻ കഴിഞ്ഞതിനാൽ മാത്രം ഭാര്യയ്ക്കും ഒപ്പമുണ്ടായിരുന്നവർക്കും നാട്ടിലെത്താനായി. അല്ലെങ്കിൽ അവർ മൂരേയും ഐസിസിന് വിറ്റേനേ’ കുവൈത്ത് മനുഷ്യക്കടത്ത് കേസിൽ തിരിച്ചെത്തിയ എറണാകുളം സ്വദേശിനിയുടെ ഭർത്താവിന്റെ വാക്കുകളാണിത്. കൂലിപ്പണിക്കാരനായ ഇയാൾ ഊണും ഉറക്കവുമൊഴിച്ച് നടത്തിയ പേരാട്ടമാണ് മൂന്ന് മലയാളി വീട്ടമ്മമാരുടെ മോചനത്തിനും കുവൈറ്റ് മനുഷ്യക്കടത്തിലേക്കുള്ള അന്വേഷണത്തിനും വഴിവച്ചത്.
സൗജന്യവിസയിൽ ആയയുടെ ജോലി വാഗ്ദാനംചെയ്ത് കഴിഞ്ഞ ഫെബ്രുവരിയിലാണ് വീട്ടമ്മയെ എറണാകുളം സ്വദേശിയായ അജു കുവൈത്തിലെത്തിച്ച് ഗസാലിയുടെ ഒത്താശയിൽ ഇവരെ അറബിക്ക് വിറ്റത്. ആയയുടെ ജോലിക്ക് പകരം നൽകിയത് വീട്ടുപണിയായിരുന്നു. രാവിലെ മുതൽ പണിതുടങ്ങും. ഒരു കാരണവുമില്ലാതെ അറബിയുടെ ഭാര്യ (മാമ) മർദ്ദിക്കും. സഹികെട്ടാണ് തിരിച്ചുപോരണമെന്ന് ഭാര്യ ആവശ്യപ്പെട്ടത്. തുടർന്ന് അറബി ഭാര്യയെ ഗസാലിക്ക് തിരികെ കൈമാറി. ഈ വൈരാഗ്യത്തിന് ഭാര്യയെ കുടുസുമുറിയിൽ പൂട്ടിയിടുകയായിരുന്നു. ഇവിടെയും ഒരു നേരമായിരുന്നു ഭക്ഷണം. ബൂട്ടിട്ട് ദേഹമാസകലം ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തു. ഈ സമയം ഭാര്യയ്ക്കൊപ്പം മലയാളികളുൾപ്പെടെ നാലുപേർ അവിടെയുണ്ടായിരുന്നു. ഇവരിൽപലരും രണ്ട് മാസത്തിലധിമായി മർദ്ദനം സഹിച്ച് കഴിയുകയായിരുന്നു. മർദ്ദനമേറ്റ് ഒരു വീട്ടമ്മയുടെ മൂക്കിൽനിന്ന് ചോരയൊഴുകുന്നതിനുവരെ അവൾ സാക്ഷിയായി. മൊബൈൽഫോൺ ഒളിപ്പിച്ച് വച്ചതിനാലാണ് രക്ഷപ്പെടാനായത്.
കുവൈത്തിലെത്തി തൊട്ടടുത്തദിവസം മർദ്ദനത്തിന് ഇരയായത് എന്നെ അറിയിച്ചിരുന്നു. ഇക്കാര്യം അജുവിനോട് പറഞ്ഞെങ്കിലും ഇയാൾ മോചനത്തിനായി മൂന്നുലക്ഷംരൂപ ആവശ്യപ്പെട്ടു. കുട്ടികൾക്കൊപ്പമെത്തി കാലുപിടിച്ച് കേണപേക്ഷിച്ചെങ്കിലും ആട്ടിപ്പായിച്ചു. അഭിഭാഷകൻ മുഖേന കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് പരാതി നൽകി. ഒപ്പം കുവൈറ്റിലെ മലയാളി അസോസിയേഷനേയും ബന്ധപ്പെട്ടു.
പരാതിയിൽനിന്ന് പിൻമാറില്ല. ഇനിയൊരാൾക്കും ഇത്തരമൊരു അവസ്ഥയുണ്ടാകരുത്. മറ്റുള്ളവരെ രക്ഷിക്കാനാകാത്ത സങ്കടത്തിലാണിപ്പോൾ രക്ഷപ്പെട്ടെത്തിയ വീട്ടമ്മയുടെ ഭർത്താവ്.